ADVERTISEMENT

ഇതു നിലനിൽപിന്റെ സമരമാണ്. നിരവധി സ്ത്രീകളാണ് ഇവിടെ ഇരകളാക്കപ്പെട്ടത്. ഞങ്ങളുടെ ഭൂമി അവർ പിടിച്ചുപറിച്ചു, പുരുഷൻമാരെ ആക്രമിച്ചു’ - ബെംഗളൂരുവിലും  ചെന്നൈയിലും അതിഥി തൊഴിലാളിയായിരുന്ന രേഖാ പത്ര പറഞ്ഞു. ബംഗാൾ രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ കരുത്തുള്ള പ്രക്ഷോഭം നടന്ന സന്ദേശ്ഖലിയിലെ സമര നായികയും അതിജീവിതയുമാണ് അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന രേഖാ പത്ര (27). ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ രേഖാ പത്ര മുഖ്യമന്ത്രി മമത ബാനർജിക്ക് നൽകുന്ന ‘ഷോക്ക്’ ചെറുതല്ല.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു ശേഷം ബംഗാളിൽ കരുത്തുകാണിക്കാൻ ഒരുങ്ങുന്ന ബിജെപിക്കു കിട്ടിയ ഏറ്റവും വലിയ ആയുധമാണ് തൃണമൂൽ പ്രാദേശികനേതാക്കളുടെ അതിക്രമങ്ങൾ നടന്ന സന്ദേശ്ഖലി.

‘സന്ദേശ്ഖലിയിലേത് പ്രാദേശിക പ്രശ്നമാണ്. അതു പരിഹരിച്ചുകഴിഞ്ഞു. അതിന് ഒരിക്കലും സിംഗൂരും നന്ദിഗ്രാമും പോലെയാകാൻ കഴിയില്ല’– മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞു. പക്ഷേ സന്ദേശ്ഖലി മമതയെ ഉലച്ചിട്ടുണ്ട്. കാരണം സമരം നയിക്കുന്നതു സ്ത്രീകളാണ്. മാ, മട്ടി, മനുഷ് (അമ്മ, മണ്ണ്, മനുഷ്യർ) എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ മമതയുടെ വോട്ടുബാങ്ക് സ്ത്രീകളാണ്. ന്യൂനപക്ഷങ്ങൾ പിണങ്ങുമോ എന്നതുപോലെ തിരഞ്ഞെടുപ്പിൽ സ്ത്രീ കോപവും മമത ഭയക്കുന്നു. 

ബംഗ്ലദേശ് അതിർത്തിക്ക് സമീപം നോർത്ത് 24 പർഗാനാസിൽ ഗംഗ ഡെൽറ്റയിലെ ദ്വീപാണ് സന്ദേശ്ഖലി. ലോകപൈതൃക പട്ടികയിൽപെട്ട സുന്ദർബൻ കണ്ടൽകാടുകൾ ഇതിനു സമീപത്താണ്. ഏതാനും മാസങ്ങൾക്കു മുൻപു വരെ ഷെയ്ഖ് ഷാജഹാൻ എന്ന തൃണമൂൽ നേതാവ് രാജാവിനെപോലെ ഭരിച്ച പ്രദേശമാണ് സന്ദേശ്ഖലി. സാധാരണക്കാരിൽ നിന്നു നൂറുകണക്കിന് ഹെക്ടർ ഭൂമി പിടിച്ചുപറിച്ച ഇയാളുടെ ആക്രമണം സഹിക്കാതെ അനവധി പേർ നാടുവിട്ടു. ഇയാളുടെ അനുയായികൾ യുവതികളെ വേട്ടയാടി. അതിനിടെ ഈ വർഷം ആദ്യം ഇയാളുടെ അനുയായികൾ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവമുണ്ടായി. ഈ കേസിൽ ഷെയ്ഖ് ഷാജഹാൻ ഒളിവിൽ പോയതിനെത്തുടർന്നാണ് സ്ത്രീകൾ ധൈര്യം സംഭരിച്ച് പുറത്തിറങ്ങിയത്. ചൂലും മുളവടികളുമായി അവർ ദ്വീപിൽ സമരത്തിന്റെ കൊടുങ്കാറ്റുണ്ടാക്കി. ഈ കൊടുങ്കാറ്റ് വിതച്ച് തിരഞ്ഞെടുപ്പു നേട്ടമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. സന്ദേശ്ഖലി ഇരകളെ അദ്ദേഹം നേരിട്ടു കണ്ടു.

ബംഗാളിൽ ഒരു ലക്ഷത്തിലധികം പേരെ ഭവനരഹിതരാക്കിയ ഐല ചുഴലിക്കൊടുങ്കാറ്റാണ് സന്ദേശ്ഖലിയെ ആദ്യം മാറ്റി മറിച്ചത്. ചുഴലിക്കാറ്റിനു ശേഷം ഇവിടത്തെ പാടശേഖരങ്ങളിലെ ലവണാംശം കൂടി. ജനങ്ങൾ നെൽകൃഷി ഒഴിവാക്കി മത്സ്യക്കൃഷിയിലേക്കു നീങ്ങി. സിപിഎമ്മിനു വേണ്ടി അടിപിടികളുമായി നടന്ന ഷെയ്ഖ് ഷാജഹാൻ ഭരണം മാറിയതോടെ തൃണമൂലിൽ ചേർന്ന് പ്രാദേശിക നേതാവായി ഉയർന്നു. ആദ്യമെല്ലാം പാട്ടത്തിനെടുത്ത ഭൂമിയുടെ പണം നൽകാതായി. ചോദ്യം ചെയ്തവരെ മർദിച്ചു മൃതപ്രായരാക്കി.  മൂന്നൂറോളം വരുന്ന ഗുണ്ടാപ്പട ഇയാൾക്കുണ്ടെന്ന് ബിജെപി മുൻ ജില്ലാ പ്രസിഡന്റും സന്ദേശ്ഖലി സ്വദേശിയുമായ ബികാശ് സിങ് പറഞ്ഞു.

ഇന്നു മത്സ്യക്കൃഷി മാത്രമേയുള്ളു. ഇവിടെ നിന്നുള്ള ബാഗ്ദ ചിംഗ്രി എന്ന ടൈഗർ പ്രോൺസിന് വൻ വിപണിയാണ് രാജ്യത്തും വിദേശത്തും. ഈ ചെമ്മീൻപാടങ്ങൾ ഷെയ്ഖ് ഷാജഹാന്റെ കൈയിലാണ്. ദ്വീപിൽ നിന്ന് ബോട്ട് ഇറങ്ങിവരുന്നവരെ വാഹനത്തിൽ വിളിച്ചുകയറ്റുന്ന ജോലി ചെയ്തിരുന്ന ഷാജഹാനിപ്പോൾ നൂറുകണക്കിന് കോടികളുടെ സ്വത്തുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. 

‘പൊലീസ് അയാളുടെ കയ്യിലായി. എന്തു പരാതി വന്നാലും ബായിജാൻ (ഷാജഹാൻ) ആണ് തീരുമാനമെടുക്കുക എന്നാണ് പൊലീസ്  ഞങ്ങളോട് പറഞ്ഞത്. യുവതികളെ അർധരാത്രിയും ഇവർ വിളിച്ചുവരുത്തും. പോയില്ലെങ്കിൽ ഭർത്താവിനോ വീട്ടുകാർക്കോ മർദനം ലഭിക്കും’– രേഖാ പത്ര ‘മനോരമ'യോട് പറഞ്ഞു.

ഷാജഹാന്റെ അനുയായി രേഖാ പത്രയുടെ സാരി വലിച്ചു കീറി, അവരുടെ മുഖത്ത് അടിച്ചു, വലിച്ചു താഴെയിട്ടു. മർദനമേറ്റ മുറിവിന്റെ പാട് ഇപ്പോഴും രേഖയുടെ മുഖത്തുണ്ട്.

ചെറിയ ഷെ‍ഡ് മൂന്നായി പകുത്തതിൽ ഒന്നിലാണ് രേഖാ പത്രയും കുടുംബവും താമസിക്കുന്നത്. മറ്റു രണ്ടെണ്ണത്തിൽ ഭർത്താവിന്റെ സഹോദരൻമാർ. 

ഷാജഹാൻ ഒളിവിൽ പോയതോടെ ആദ്യം പരാതി നൽകാൻ ധൈര്യപ്പെട്ടതു  രേഖയാണ്. പിന്നീട് അനവധി സ്ത്രീകൾ പരാതിയുമായി എത്തി. ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വന്നപ്പോൾ 2 സ്ത്രീകൾ തങ്ങൾ ബലാത്സംഗത്തിനിരയായതായി പറഞ്ഞു. 80% പട്ടികവിഭാഗക്കാർ താമസിക്കുന്ന സന്ദേശ്ഖലിയിലെ 70% പുരുഷൻമാരും  കേരളത്തിലടക്കം ദൂരനാട്ടിൽ ജോലി ചെയ്യുകയാണ്.  

സന്ദേശ്ഖലി പ്രക്ഷോഭത്തിൽ രാഷ്ട്രീയഭേദമില്ലാതെ എല്ലാ സ്ത്രീകളും പങ്കെടുത്തപ്പോൾ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ വിജയിച്ചത് ബിജെപിയാണ്. ഇരകളെ സന്ദർശിച്ച പ്രധാനമന്ത്രി  ബംഗാളിൽ പങ്കെടുത്ത എല്ലാ റാലികളിലും സന്ദേശ്ഖലി ഉയർത്തി തൃണമൂൽ കോൺഗ്രസിനെ ആക്രമിച്ചു. 

വനിതാ മുഖ്യമന്ത്രിയുടെ ഭരണത്തിൽ വനിതകൾ സുരക്ഷിതരല്ലെന്നും സന്ദേശ്ഖലിയിലെ ഒരു അക്രമിയെപോലും വെറുതേ വിടില്ലെന്നും മോദി പറഞ്ഞു. സന്ദേശ്ഖലിയിലെ 300 സ്ത്രീകളുടെ സ്ക്വാഡ് ബിജെപി ഉണ്ടാക്കി. ഇവർ 5 പേരുടെ ഗ്രുപ്പുകളായി തിരിഞ്ഞ് സംസ്ഥാനത്തെ 42 മണ്ഡലങ്ങളിലും അനുഭവങ്ങൾ വിവരിക്കും. 

സന്ദേശ്ഖലി ഉൾപ്പെടുന്ന ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിലെ നിലവിലുള്ള എംപി നുസ്രത്ത് ജഹാനെ തൃണമൂൽ കോൺഗ്രസ് ഒഴിവാക്കിയതും ജനരോഷം ഭയന്നാണ്. ഹാരോ എംഎൽഎ നൂറുൽ ഇസ്‌ലാം ആണ് ഇവിടെ തൃണമൂൽ സ്ഥാനാർഥി.

English Summary:

Rekha Patra in loksabha election 2024 campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com