ബിജെപിക്ക് പരാജയഭീതി, മോദി തകരുന്ന മിഥ്യ; രാഹുൽ പ്രതീക്ഷ: സ്റ്റാലിൻ
Mail This Article
എനിക്ക് മാത്രമല്ല, ഇന്ത്യാ സഖ്യത്തിലെ എല്ലാ നേതാക്കൾക്കും രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയും വിശ്വാസവുമുണ്ട്. ആരു പ്രധാനമന്ത്രിയാകണം എന്നതിലുപരി, മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തിരിച്ചുവരില്ലെന്ന് ഉറപ്പാക്കുകയാണു പ്രധാനം. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യം നിലനിൽക്കില്ല. ജനാധിപത്യ യുദ്ധമാണ് ഈ തിരഞ്ഞെടുപ്പ്– തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറയുന്നു. മോദി വികസന നായകനാണെന്ന പ്രചാരണം നുണയാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സ്റ്റാലിൻ പറഞ്ഞു.
Qതമിഴ്നാട് ആർക്കൊപ്പമായിരിക്കും?
Aതമിഴ്നാട്ടിലെ 17 മണ്ഡലങ്ങളിൽ ഞാൻ നേരിട്ട് പ്രചാരണം പൂർത്തിയാക്കി. ഡിഎംകെ സഖ്യം എല്ലാ മണ്ഡലങ്ങളിലും വിജയിക്കും. ഓരോ ദിവസവും ഞാൻ കാണുന്ന ആളുകളുടെ മുഖത്ത് ആ പ്രതീക്ഷ ദൃശ്യമാണ്. സംസ്ഥാന സർക്കാർ 3 വർഷത്തിനിടെ നടപ്പാക്കിയ പദ്ധതികൾ ജനങ്ങൾക്കറിയാം. 2021 ൽ ഉണ്ടായിരുന്നതിനേക്കാൾ പിന്തുണ വർധിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ജനരോഷം പലമടങ്ങായി വർധിച്ചു. തകർന്നുകൊണ്ടിരിക്കുന്ന മിഥ്യയാണ് മോദി. കഴിഞ്ഞ 2 പൊതു തിരഞ്ഞെടുപ്പുകളിലും ബിജെപി തമിഴ്‌നാട്ടിൽ വിജയിച്ചിരുന്നില്ല. തമിഴ് ഭാഷയെയും നാടിനെയും വഞ്ചിച്ച ബിജെപിയെ താഴെയിറക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ജനങ്ങൾ.
Qഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് സ്വാധീനിക്കുമോ?
Aതോൽക്കുമെന്ന ഭയമാണ് മോദിയെ ഇത്തരം അബദ്ധങ്ങളിൽ ചാടിക്കുന്നത്. 370-400 സീറ്റുകൾ നേടുമെന്ന് പറയുന്ന ഒരാൾ എന്തിനാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്? ഇന്ത്യാ മുന്നണിയുടെ ഭാഗമാകില്ലെന്ന് ബിജെപി കരുതിയ കേജ്‌രിവാൾ ഞങ്ങൾക്കൊപ്പം വന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്-എഎപി സഖ്യം ശക്തമായി. കേജ്‌രിവാൾ ഈ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങിയാൽ പ്രതീക്ഷിക്കുന്ന സീറ്റുകൾ പോലും നേടാനാകില്ലെന്നു ബിജെപിക്ക് ഉറപ്പായി. പ്രചാരണത്തിൽ നിന്ന് തടയാനും പ്രതിഛായ നശിപ്പിക്കാനുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റിന് ശേഷം കേജ്‌രിവാളിന്റെ ജനപ്രീതി പലമടങ്ങ് വർധിച്ചു. ബിജെപി അനുഭാവികൾ തന്നെ ഈ നീക്കത്തെ ‘അടിച്ചമർത്തൽ’ എന്നാണു വിളിക്കുന്നത്. ജയിലിൽ നിന്ന് സർക്കാരിനെ നയിക്കാനുള്ള കേജ്‌രിവാളിന്റെ ഇച്ഛാശക്തിയെ ഞാൻ അഭിനന്ദിക്കുന്നു. ഡിഎംകെ എപ്പോഴും എഎപിക്കൊപ്പം നിൽക്കും.
Qആരാണ് മോദിക്ക് ബദൽ?
Aഇനിമുതൽ മോദിയെ ആവശ്യമില്ലെന്ന് ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ മോദിക്ക് ബദലാര് എന്നതു ജനവിധിയിലൂടെ തെളിയും. ആരെയാണ് പുറത്താക്കേണ്ടതെന്ന് തീരുമാനിക്കുകയാണ് മാറ്റം വേണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യുക. ജനങ്ങളുടെ ആഗ്രഹം പോലെ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കും. യോഗ്യനായ ഒരാൾ രാജ്യം ഭരിക്കും.
Qമോദി സർക്കാരിന്റെ 10 വർഷത്തെ ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
Aവോട്ടർമാർക്ക് മോദി ആകർഷകമായ ഒട്ടേറെ ഉറപ്പുകൾ നൽകി. എന്നാൽ, ആ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. കള്ളപ്പണം വീണ്ടെടുക്കുമെന്നും 15 ലക്ഷം രൂപ ജൻധൻ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തി. ഈ വാഗ്ദാനം ഭൂരിപക്ഷം നേടാൻ ബിജെപിയെ സഹായിച്ചു. അധികാരത്തിലെത്തിയ ശേഷം എല്ലാവരോടും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പറഞ്ഞും വഞ്ചിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ഇപ്പോൾ നാണംകെട്ട് പറയുന്നത് ഇതൊരു ‘നമ്പർ’ ആയിരുന്നു എന്നാണ്. സംസ്ഥാനങ്ങളെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും മാത്രമല്ല സമാധാന അന്തരീക്ഷവും തകർത്തു. അവശേഷിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. മോദി വിജയിക്കുന്നത് രാജ്യത്തിന് മാത്രമല്ല, ബിജെപിക്കും നല്ലതല്ല.
Qതമിഴ്‌നാട്ടിൽ അണ്ണാഡിഎംകെയും ഡിഎംകെയും തമ്മിലുള്ള പോരാട്ടമാണോ?
Aഡിഎംകെയും അണ്ണാഡിഎംകെയും തമ്മിലുള്ള പോരാട്ടമെന്നു വിശേഷിപ്പിക്കാൻ അഭ്യർഥിക്കുകയാണ്. ഡിഎംകെയ്ക്കാണു മുൻതൂക്കം. രണ്ടാം സ്ഥാനത്തിനായി പോരാടുന്ന അണ്ണാഡിഎംകെ ഏറെ പിന്നിലാണ്. മറ്റു പാർട്ടികൾ സ്വപ്നലോകത്താണ്. ഡിഎംകെയെ എതിർക്കുക എന്നതു മാത്രമാണ് അണ്ണാഡിഎംകെ നയം. യജമാനനോടുള്ള കൂറ് കാരണം പളനിസ്വാമിയുടെ നാവ് ഒരിക്കലും ബിജെപിക്കെതിരെ ഉയരില്ല. അവർ അധികാരത്തിലിരുന്നപ്പോൾ ബിജെപിയോട് വിധേയത്വം കാട്ടി ശീലിച്ചു. അല്ലാത്തപ്പോഴും അതേ രീതി തുടരുകയാണ്.
Qഅണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ബന്ധത്തിന് തെളിവുണ്ടോ?
Aനരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരരുത് എന്നു പറയാൻ എടപ്പാടിയോട് ആവശ്യപ്പെട്ടു നോക്കൂ, അപ്പോൾ മനസ്സിലാകും.