ബിജെപി സ്ഥാനാർഥിയുടെ 525 കോടി തട്ടിപ്പ്; റോഡ്ഷോ റദ്ദാക്കി അമിത്ഷാ
Mail This Article
ചെന്നൈ ∙ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന ശിവഗംഗയിലെ എൻഡിഎ സ്ഥാനാർഥി ദേവനാഥൻ യാദവിനുവേണ്ടി കാരൈക്കുടിയിൽ നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. ദേവനാഥന്റെ മൈലാപ്പൂർ ഹിന്ദു പെർമനന്റ് ഫണ്ട് എന്ന സ്ഥാപനം വഴി 525 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കോൺഗ്രസ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണിത്.
പലിശയും മറ്റു ലഭിക്കാതായതു ചോദ്യം ചെയ്ത നിക്ഷേപകരെ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 300 കോടി രൂപ ആസ്തിയുള്ള ദേവനാഥന്റെ സ്ഥാപനത്തിൽ നിന്നു നൽകിയ ചെക്കുകളിൽ ചിലതു അക്കൗണ്ടിൽ ആവശ്യത്തിനു പണമില്ലാത്തതിനാൽ മാറാനായില്ലെന്നും നിക്ഷേപകർ ആരോപിച്ചു. അയ്യായിരത്തിലധികം നിക്ഷേപകരിൽ ഏറെയും വിരമിച്ച ജീവനക്കാരും മുതിർന്ന പൗരന്മാരുമാണ്. ആരോപണങ്ങൾ തെറ്റാണെന്നാണ് സ്ഥാനാർഥിയുടെ നിലപാട്. സംസ്ഥാനത്തെ സ്ഥാനാർഥികളിൽ സമ്പത്തിൽ രണ്ടാമതാണ് ദേവനാഥൻ.
ഇതിനിടെ, തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയ തിരുനെൽവേലി ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നു. 1500 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തിന്റെ വിവരങ്ങളില്ലാതെയാണു സത്യവാങ്മൂലം സമർപ്പിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം നൈനാർ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരിൽ നിന്ന് 4 കോടി രൂപ തിരഞ്ഞെടുപ്പു സ്ക്വാഡ് പിടിച്ചിരുന്നു.