ഇന്ത്യാസഖ്യം സംയുക്ത റാലി 21ന് റാഞ്ചിയിൽ
Mail This Article
ന്യൂഡൽഹി ∙ ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ 21ന് വീണ്ടും സംയുക്ത റാലി നടത്താൻ ഇന്ത്യാസഖ്യം തീരുമാനിച്ചു. സഖ്യം ഒറ്റക്കെട്ടായി നടത്തുന്ന രണ്ടാമത്തെ പൊതുസമ്മേളനമായിരിക്കുമിത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു കഴിഞ്ഞ മാസാവസാനം ഡൽഹി രാംലീലാ മൈതാനത്തായിരുന്നു ആദ്യസമ്മേളനം. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിനെതിരെയാണു റാഞ്ചി സമ്മേളനം.
പ്രതിപക്ഷകക്ഷികൾക്കിടയിൽ ഐക്യം ദൃഢമാക്കാൻ ഇത്തരത്തിലുള്ള പൊതുസമ്മേളനങ്ങൾ ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ. നേതാക്കളെല്ലാം ഒരുവേദിയിൽ അണിനിരക്കുന്നതു പ്രവർത്തകർക്കും ഉണർവേകും. സോറന്റെ അറസ്റ്റിൽ ജാർഖണ്ഡിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ അമർഷമുണ്ടെന്നു കണക്കുകൂട്ടുന്ന പ്രതിപക്ഷനിര അത് ആളിക്കത്തിക്കാനും അതുവഴി ബിജെപിയെ പ്രതിരോധത്തിലാക്കാനും ലക്ഷ്യമിട്ടാണു റാഞ്ചിയിലേക്കെത്തുന്നത്. സോറന്റെ ഭാര്യ കൽപനയാണു സമ്മേളനം സംഘടിപ്പിക്കാൻ മുൻകയ്യെടുത്തത്. കോൺഗ്രസ് പൂർണ പിന്തുണ നൽകിയതോടെ സമ്മേളനത്തിനു വഴിതെളിഞ്ഞു.