‘രാഹുൽ, നിങ്ങളാണ് പുതിയ ഇന്ത്യയെ നയിക്കേണ്ടത്’: എം.കെ.സ്റ്റാലിൻ
Mail This Article
കോയമ്പത്തൂർ ∙ ആവേശം അലകടൽ തീർത്ത സദസ്സിനെ സാക്ഷിയാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാഹുൽ ഗാന്ധിയോടു പറഞ്ഞു: ‘രാഹുൽ നിങ്ങളാണു പുതിയ ഇന്ത്യയെ നയിക്കേണ്ടത്’. ഡിഎംകെയുടെയും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സിപിഐയുടെയും പതാകകൾ പാറിപ്പറപ്പിച്ച് പതിനായിരങ്ങൾ അതോടെ ആരവം മുഴക്കി. കരുത്തു തെളിയിച്ച് കോയമ്പത്തൂരിലായിരുന്നു ഇന്ത്യാ മുന്നണിയുടെ തിരഞ്ഞെടുപ്പു പൊതുയോഗം.
എന്റെ മൂത്ത സഹോദനാണു സ്റ്റാലിനെന്നും താൻ രാഷ്ട്രീയത്തിൽ മറ്റാരെയും സഹോദരനെന്നു വിളിക്കാറില്ലെന്നു രാഹുൽ വികാരഭരിതനായി പറഞ്ഞു. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കാർഷിക കടം എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കുന്നതിനായി കോൺഗ്രസിന്റെ കരങ്ങൾക്കു ശക്തി പകരാൻ എന്നും ഡിഎംകെ ഉണ്ടാകും – സ്റ്റാലിൻ പറഞ്ഞു. രാഹുലും സോണിയ ഗാന്ധിയുമായി ഡിഎംകെയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് താനാണു തുടക്കമിട്ടത്. കോൺഗ്രസ് പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങളാണ് ഇപ്പോൾ ഇന്ത്യയുടെ ഹീറോ. അതിന്റെ ചുവടുപിടിച്ച് ഡിഎംകെയും ജനപ്രിയ വാഗ്ദാനങ്ങൾ നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ കൊടുങ്കാറ്റ് രാജ്യമാകെ ആഞ്ഞടിക്കാൻ പോകുകയാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു.