മൗലാന ആസാദ് ഫൗണ്ടേഷൻ പൂട്ടാനുള്ള തീരുമാനം ഡൽഹി ഹൈക്കോടതി ശരിവച്ചു
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലുള്ള മൗലാന ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ (എംഎഇഎഫ്) പൂട്ടാനുള്ള തീരുമാനം ഡൽഹി ഹൈക്കോടതി ശരിവച്ചു. എല്ലാ ഭാഗങ്ങളും ആലോചിച്ച ശേഷമാണു ഫൗണ്ടേഷൻ പൂട്ടാനുള്ള തീരുമാനമെന്നും ഫൗണ്ടേഷൻ ജനറൽ ബോഡി ചട്ടങ്ങൾ പ്രകാരമാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്കർണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഫൗണ്ടേഷൻ പൂട്ടാനുള്ള തീരുമാനത്തിനെതിരായ ഹർജി തള്ളിയ ഹൈക്കോടതി ഇക്കാര്യത്തിൽ ക്രമക്കേടില്ലെന്നും വിലയിരുത്തി. ‘ഹർജിയിലുന്നയിക്കുന്ന വിഷയങ്ങളിൽ കഴമ്പില്ല. ഈ സാഹചര്യത്തിൽ തീരുമാനത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല’– കോടതി ഉത്തരവിൽ പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമായി പല പദ്ധതികളും കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മൗലാന ആസാദ് ഫൗണ്ടേഷന്റെ പദ്ധതികൾ ഇതുമായി സംയോജിപ്പിച്ചുണ്ടെന്നും മറിച്ചുള്ള വാദങ്ങളിൽ കഴമ്പില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
കേന്ദ്ര വഖഫ് ബോർഡിന്റെ തീരുമാനമനുസരിച്ചാണു കഴിഞ്ഞ ഫെബ്രുവരിയിൽ എംഎഇഎഫ് അടച്ചുപൂട്ടാൻ ന്യൂനപക്ഷ മന്ത്രാലയം ഉത്തരവിട്ടത്. ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്, ഖ്വാജ ഗാരിബ് നവാസ് സ്കിൽ ഡവലപ്മെന്റ് ട്രെയ്നിങ് അടക്കമുള്ള പദ്ധതികൾ ഫൗണ്ടേഷന്റെ കീഴിലാണു നടപ്പാക്കിയിരുന്നത്. ഇതിൽ ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ് മറ്റ് സ്കീമുകളിൽ ലയിപ്പിച്ചു.