വരുണില്ലെങ്കിൽ പ്രസാദം മായുമോ?; വരുൺ ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്ന പിലിബിത്
Mail This Article
വരുൺ ഗാന്ധിയുടെ അസാന്നിധ്യമാണ് പിലിബിത്തിലെ മുഖ്യ ചർച്ചകളിലൊന്ന്. കഴിഞ്ഞ 5 വർഷവും പാർലമെന്റിൽ നിശ്ശബ്ദനായിരുന്നെങ്കിലും വരുണിനെ പിലിബിത്ത് മറക്കുന്നില്ല. ബിജെപിക്കും അതു മറക്കാൻ പറ്റുന്നില്ലെന്നു പാർട്ടി സ്ഥാനാർഥിയും സംസ്ഥാന മന്ത്രിയുമായ ജിതിൻ പ്രസാദയുടെ പ്രചാരണത്തിൽനിന്നു വ്യക്തം. വരുണിന്റെ പേരു കേൾക്കുമ്പോഴേ ജിതിന്റെ മുഖത്തെ പ്രസാദം മായുന്നുണ്ടെന്നു കാണുന്നവർക്കു തോന്നും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൂതനാണു താൻ എന്നതാണ് അദ്ദേഹത്തിന്റെ പ്രചാരണത്തിൽ ഊന്നൽ. മൂന്നാം മോദി സർക്കാരിൽ ജിതിൻ പ്രസാദ കാബിനറ്റ് മന്ത്രിയാകുമെന്നു നേതാക്കൾ വോട്ടർമാരെ പ്രലോഭിപ്പിക്കുന്നുമുണ്ട്. സമാജ്‍വാദി പാർട്ടി സ്ഥാനാർഥിയും മുൻമന്ത്രിയുമായ ഭാഗ്‌വത് ശരൺ ഗാങ്‌വാറാണു ജിതേന്ദ്രയുടെ മുഖ്യഎതിരാളി. ബിഎസ്പി സ്ഥാനാർഥി അനീസ് അഹമ്മദും സജീവമായി കളത്തിലുണ്ട്.
25% മുസ്‌ലിംകളും അത്രയും വിവിധ പിന്നാക്ക വിഭാഗങ്ങളുമുള്ള മണ്ഡലമാണ് പിലിബിത്ത്. 4 ലക്ഷത്തോളം വരുന്ന ലോധി രാജ്പുത് വോട്ടർമാർ ഇത്രയും കാലം ബിജെപിക്കൊപ്പമായിരുന്നു. അവരെ കൂടെ നിർത്തുക എന്ന ഉദ്ദേശ്യത്തോടെ ആ സമുദായക്കാരനും കഴിഞ്ഞ തവണ വരുൺ ഗാന്ധിക്കെതിരെ മത്സരിച്ച എസ്പി സ്ഥാനാർഥിയുമായിരുന്ന മുൻമന്ത്രി ഹേം രാജ് വർമയെ ബിജെപി കൂടെ ചേർത്തിട്ടുണ്ട്. ജിതിൻ പ്രസാദയ്ക്കൊപ്പം എല്ലായിടത്തും ഹേം രാജുണ്ട്.
1996 മുതൽ മേനക ഗാന്ധിയും മകൻ വരുൺ ഗാന്ധിയും മാറി മാറി ജയിച്ച മണ്ഡലമാണ് പിലിബിത്ത്. കഴിഞ്ഞ തവണ 2 ലക്ഷത്തോളം വോട്ടിനാണ് ഹേം രാജിനെ വരുൺ ഗാന്ധി തോൽപിച്ചത്.
ജനം വികസനം ചർച്ച ചെയ്യും
Q വരുൺ പ്രതിനിധീകരിച്ച മണ്ഡലത്തിലെ മത്സരം എങ്ങനെ?
a ബിജെപി ഒരു വലിയ പാർട്ടിയാണ്. ആരു മത്സരിക്കണമെന്ന് പാർട്ടി നേതൃത്വമാണ് തീരുമാനിക്കുന്നത്. അതു പ്രവർത്തകർ ഒറ്റക്കെട്ടായി സ്വീകരിക്കും. ബിജെപി നൽകുന്ന വികസനത്തിന്റെ സന്ദേശം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
Q പിലിബിത്തിൽ 5 വർഷത്തിനിടെ 22 കർഷകർ പുലിയാക്രമണത്തിൽ കൊല്ലപ്പെട്ടു. വന്യമൃഗ ശല്യമടക്കമുള്ള മണ്ഡലത്തിലെ പ്രശ്നങ്ങൾ താങ്കൾ പരാമർശിക്കുന്നില്ലെന്നാണ് ആരോപണം.?
a ഞാൻ പൊതുമരാമത്തു മന്ത്രിയെന്ന നിലയിൽ ഒട്ടേറെ റോഡുകളും പാലങ്ങളും ഇവിടെ നൽകിയിട്ടുണ്ട്. മോദി മന്ത്രിസഭ പിലിബിത്തിനു പ്രത്യേക പരിഗണന നൽകും. മോദിജി ഇവിടെ വന്നത് തന്നെ അതിനുദാഹരണമാണ്.
Q കോൺഗ്രസിന്റെ യുവമുഖങ്ങളിലൊന്നായിരുന്നു താങ്കൾ. ബിജെപിയിൽ എന്തു വ്യത്യാസമാണ് കാണുന്നത്?
a ബിജെപി എല്ലാ സമയത്തും ജനങ്ങളുമായി ബന്ധപ്പെടുന്നു. തിരഞ്ഞെടുപ്പു കാലത്തു മാത്രം ജനങ്ങളെക്കുറിച്ചോർക്കുന്നതിൽ കാര്യമില്ല. ഇവിടെ നേതാക്കൾ എല്ലായ്പ്പോഴും ജനസമ്പർക്കമുള്ളവരാണ്.