ADVERTISEMENT

ന്യൂഡൽഹി ∙ ആദ്യഘട്ടം തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതാണ്, ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രത്തിൽ പൊടുന്നനെ മാറ്റം കൊണ്ടുവരാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു. വികസനം, മോദി ഗാരന്റി തുടങ്ങിയ മുദ്രാവാക്യങ്ങളിൽനിന്ന് വർഗീയ വിഭജനമെന്ന തന്ത്രത്തിലേക്കുള്ള മാറ്റത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം നൽകുകയും ചെയ്തു.

കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷന് ഒട്ടേറെ പരാതികൾ ലഭിക്കുകയും ചെയ്തിട്ടും മൂന്നാംദിവസവും പറഞ്ഞത് ഉച്ചത്തിൽ ആവർത്തിക്കുകയാണു മോദി ചെയ്തത്. അംബേദ്കർ കൊണ്ടുവന്ന സംവരണം ഒരു സമുദായത്തിനു വേണ്ടി കോൺഗ്രസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പുതിയ ആരോപണം കൂടി ഇന്നലെ ഉന്നയിച്ചു. ബിജെപിയിലെ മറ്റു നേതാക്കൾ അത് ഏറ്റെടുക്കുകയും ചെയ്തു. 

കോൺഗ്രസ് അധികാരത്തിൽ വന്നാൽ യുപിയിൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പ്രസംഗിച്ചു. പൗരത്വ നിയമം റദ്ദാക്കുമെന്ന കോൺഗ്രസ് വാഗ്ദാനം ഭരണഘടനാ വിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിച്ചു.

വോട്ടർമാരെ ഇളക്കാൻ പതിവുതന്ത്രം

മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റുമെന്ന് യുപിയിൽ സമാജ്‌വാദി പാർട്ടി നടത്തുന്ന പ്രചാരണം ചെറുചലനമുണർത്തിയിരുന്നു. കോൺഗ്രസ് ഭരണഘടനയെ അവഹേളിക്കുന്നുവെന്ന ഊന്നലിനു കാരണം അതാണ്. ബിജെപി കൂടുതൽ സീറ്റ് പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത് രജപുത്രർ, സൈനി, ലോധി തുടങ്ങിയ വിഭാഗങ്ങൾ പാർട്ടിക്കെതിരെ പരസ്യ നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടക്കാൻ ഹിന്ദു–മുസ്‌ലിം വിഭജനതന്ത്രത്തിലൂടെ കഴിയുമെന്നാണു കണക്കുകൂട്ടൽ.

ആദ്യഘട്ട വോട്ടെടുപ്പിൽ ബിജെപി പ്രതീക്ഷവച്ച പടിഞ്ഞാറൻ യുപിയിലും മറ്റും വോട്ടിങ് വലിയതോതിൽ കുറഞ്ഞു. ബിഹാർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും 2019 നെ അപേക്ഷിച്ച് പോളിങ്ങിൽ ഗണ്യമായ കുറവുണ്ടായി. ഉത്തരാഖണ്ഡിൽ 2019 ൽ 61.48% ഉണ്ടായിരുന്നത് ഇത്തവണ 55.89% ആയി. മൂന്നാം വട്ടവും മോദി സർക്കാർ തന്നെയെന്ന പ്രചാരണത്തെത്തുടർന്ന് ഉറച്ച വോട്ടർമാരിലെ അലസതയും അതിനു കാരണമായിട്ടുണ്ടാകാമെന്നാണ് പാർട്ടി നേതാക്കൾ കരുതുന്നത്. രാമക്ഷേത്ര വിഷയം ഒന്നാംഘട്ടത്തിൽ സജീവമാക്കിയിരുന്നെങ്കിലും അതിലുമേറെ വോട്ടർമാരെ ഇളക്കാൻ പറ്റിയ വിഷയം ന്യൂനപക്ഷ പ്രീണനാരോപണമാണെന്നു ഹിന്ദി ഹൃദയഭൂമിയിൽ മുൻ തിര‍ഞ്ഞെടുപ്പുകളിലും തെളിഞ്ഞതാണ്.

പരാതി നൽകി പ്രതാപൻ, ബിനോയ് വിശ്വം

തൃശൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. ജനങ്ങളിൽ വർഗീയ ചേരിതിരിവു സൃഷ്ടിച്ച സംഭവത്തിൽ പ്രധാനമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മോദി തിരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുക്കുന്നതു വിലക്കണമെന്നും റാലികൾക്ക് അനുമതി നൽകരുതെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. മതവിദ്വേഷ പ്രസംഗങ്ങളിലൂടെ പെരുമാറ്റച്ചട്ടത്തിന്റെയും നിയമങ്ങളുടെയും ലംഘനമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെന്നു പരാതിയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com