ഇൻഡോർ: പിന്മാറിയത് പാർട്ടിയിലെ കളിമൂലമെന്ന് കോൺഗ്രസ് സ്ഥാനാർഥി
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിസഹകരണം മൂലമാണ് അവസാനനിമിഷം പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതെന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ കൂറുമാറിയ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബം.
-
Also Read
കോൺഗ്രസ് അയോധ്യ വിധി തിരുത്തും: മോദി
താൻ പത്രിക പിൻവലിച്ചിട്ടും ഡമ്മി സ്ഥാനാർഥി ഔദ്യോഗിക സ്ഥാനാർഥിയാകാതിരുന്നത് പാർട്ടിയുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പത്രിക പിൻവലിക്കാനുള്ള അവസാനദിനമാണ് കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് അക്ഷയ് കാന്തി ബം മറുകണ്ടം ചാടിയത്. 13ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇതോടെ കോൺഗ്രസിന് സ്ഥാനാർഥി ഇല്ലാതായി. ബിജെപി, ബിഎസ്പി, എസ്‍യുസിഐ എന്നിവയിൽ നിന്നടക്കം 14 സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. സ്ഥാനാർഥി ഇല്ലാത്തതിനാൽ 'നോട്ട'യ്ക്ക് വോട്ടുകുത്താനാണ് പല കോൺഗ്രസ് നേതാക്കളും ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. അക്ഷയ് കാന്തി ബം 'മനോരമ'യോട് സംസാരിച്ചപ്പോൾ.
∙ ബിജെപിയിൽ നിന്ന് താങ്കൾക്ക് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം?
ഒരിക്കലുമില്ല. കോൺഗ്രസിൽ നിന്ന് എനിക്ക് വേണ്ട പിന്തുണ ലഭിച്ചില്ല. പോളിങ് ബൂത്ത് ഏജന്റുമാരുടെ ലിസ്റ്റ് പോലും തന്നില്ല. പ്രചാരണസാമഗ്രികൾ താഴേത്തട്ടിൽ എത്തിക്കാനായില്ല. ജനസമ്പർക്ക പരിപാടികൾ തുടർച്ചായി റദ്ദാക്കപ്പെട്ടു. നോമിനേഷൻ നൽകിയ മേയ് 24 മുതൽ 29 വരെയുള്ള 5 ദിവസത്തിനിടെ മാത്രം 3 തവണ പരിപാടികൾ പാർട്ടി റദ്ദാക്കി. ജനസമ്പർക്കപരിപാടി പോലും കൃത്യമായി നടത്താതെ മത്സരിക്കാനാകില്ലെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്‍വാരിയെ 3 തവണ അറിയിച്ചു. ബന്ധപ്പെട്ട പ്രാദേശിക നേതാക്കളെ അദ്ദേഹം ഫോണിൽ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
∙ കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥിയായിരുന്ന മോത്തി സിങ്ങിന്റെ പത്രികയ്ക്ക് എന്തു സംഭവിച്ചു?
ഞാൻ പത്രിക പിൻവലിച്ചാലും മോത്തി സിങ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി മാറേണ്ടതായിരുന്നു. പാർട്ടിയുടെ പേരിലും സ്വതന്ത്രനെന്ന നിലയിലും 2 സെറ്റ് പത്രികയാണ് മോത്തി സിങ് നൽകേണ്ടിയിരുന്നത്. എന്നാൽ പാർട്ടിയുടെ പേരിലുള്ള പത്രിക മാത്രമാണുണ്ടായിരുന്നത്. എന്റെ പത്രിക അംഗീകരിച്ചതോടെ മോത്തി സിങ്ങിന്റെ കോൺഗ്രസ് പത്രിക തനിയെ റദ്ദാകും. ഞാൻ പത്രിക പിൻവലിച്ചാൽ സ്വതന്ത്രനെന്ന നിലയിൽ അദ്ദേഹം നൽകിയ പത്രികയാകും പരിഗണിക്കപ്പെടുക. എന്നാൽ സ്വതന്ത്രനെന്ന നിലയിലുള്ള പത്രിക കോൺഗ്രസ് സമർപ്പിച്ചിരുന്നില്ല. അതെന്തുകൊണ്ടെന്ന് ആരുമെന്താ ചോദിക്കാത്തത്?
∙ 17 വർഷം പഴക്കമുള്ള ഒരു കേസിൽ വധശ്രമക്കുറ്റം കൂടി ചുമത്തപ്പെട്ടതോടെയാണ് കൂറുമാറ്റമെന്ന് പറയുന്നല്ലോ.
തെറ്റാണിത്. ഈ നിമിഷം വരെ വധശ്രമക്കുറ്റം ചുമത്തിയിട്ടില്ല. വധശ്രമക്കുറ്റം ചുമത്തുന്ന കാര്യത്തിൽ വാദം കേൾക്കണമെന്നു മാത്രമാണ് കോടതി ഉത്തരവിലുണ്ടായിരുന്നത്. 10ന് ഇത് നടക്കാനിരിക്കുന്നതേയുള്ളൂ.
∙ പത്രിക പിൻവലിക്കാൻ ബിജെപിയുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് എസ്‍യുസിഐ ആരോപിച്ചിട്ടുണ്ട്?
എനിക്കതേക്കുറിച്ച് അറിയില്ല. 14 സ്ഥാനാർഥികളുമായി തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞു. അതിൽ അക്ഷയ് കാന്തി ബം ഇല്ലെന്നു മാത്രം. ബിജെപിയുമായി മുൻകൂർ ചർച്ചകളൊന്നും നടന്നിട്ടില്ല.
∙ അവസാനനിമിഷമെടുത്ത തീരുമാനം ഒഴിവാക്കിയിരുന്നെങ്കിൽ കോൺഗ്രസിന് സ്ഥാനാർഥിയുണ്ടാകുമായിരുന്നില്ലേ?
ഈ രീതിയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് ഞാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനോട് മുൻപേ പറഞ്ഞതാണ്. വലിയ നേതാക്കളുടെ റാലികൾ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. നടന്നില്ല. ഉജ്ജയിനിലെത്തിയ സച്ചിൻ പൈലറ്റ് 2 മണിക്കൂറാണ് ഇൻഡോർ വിമാനത്താവളത്തിലിരുന്നത്. അദ്ദേഹത്തെ ഇവിടെ എത്തിക്കാൻ പ്രാദേശിക നേതൃത്വത്തിനായില്ല. ഞാൻ തന്നെ തിരഞ്ഞെടുപ്പ് മത്സരിക്കണമെന്ന മട്ടായിരുന്നു കോൺഗ്രസിന്റേത്. ഡമ്മി സ്ഥാനാർഥി മത്സരിക്കാനുണ്ടായിട്ടും പത്രിക സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതെന്തിന്?