ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ജനങ്ങളുടെ വൈവിധ്യത്തെപ്പറ്റി നടത്തിയ പരാമർശം വംശീയ അധിക്ഷേപമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് സാം പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെ പ്രധാനമന്ത്രി മോദിയും ബിജെപിയും രംഗത്തുവന്നതോടെ കോൺഗ്രസും പിത്രോദയെ തള്ളിപ്പറഞ്ഞു.

‘കിഴക്കുള്ളവരെ കണ്ടാൽ ചൈനക്കാരെപ്പോലെയും തെക്കുള്ളവർ ആഫ്രിക്കക്കാരെപ്പോലെയും വടക്കുള്ളവർ വെള്ളക്കാരെപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും ആണെങ്കിലും എല്ലാവരും സഹോദരന്മാരും സഹോദരികളുമാണ്’ എന്നായിരുന്നു പിത്രോദ പറഞ്ഞത്. 

പരാമർശത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ കടന്നാക്രമിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇരുണ്ട തൊലിനിറത്തിന്റെ പേരിലാണ് കോൺഗ്രസ് ദ്രൗപദി മുർമുവിനെ തോൽപിക്കാൻ ശ്രമിച്ചതെന്ന് മോദി ആരോപിച്ചു. ഇന്ത്യക്കാരെ നിറത്തിന്റെ പേരിൽ അപമാനിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി ഇതിനു മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടന തലയിൽ വച്ച് നൃത്തം ചെയ്യുന്നവർ ജനങ്ങളെ തൊലിയുടെ നിറം വച്ച് അപമാനിക്കുകയാണ്. തമിഴ്നാട്ടുകാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ തയാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.മണിപ്പുർ മുഖ്യമന്ത്രി എൻ.ബീരേൻ സിങ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടക്കമുള്ളവരും രൂക്ഷമായ വിമർശനം ഉന്നയിച്ചു.

സംഭവം വിവാദമായതോടെ പിത്രോദയുടെ വാക്കുകൾ ദൗർഭാഗ്യകരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. പിത്രോദയുടെ പ്രസ്താവനയെ ഇന്ത്യാസഖ്യത്തിലുള്ള ആരും പിന്തുണയ്ക്കുന്നില്ലെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് പറഞ്ഞു.  

വിവാദങ്ങൾ മുൻപും

∙ പാരമ്പര്യ സ്വത്ത് നികുതി:  യുഎസിലെ പാരമ്പര്യ സ്വത്ത് നികുതി സംബന്ധിച്ച പിത്രോദയുടെ പരാമർശം രണ്ടാഴ്ച മുൻപ് വിവാദമായിരുന്നു. പിത്രോദയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നു പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി

∙ ഭരണഘടന: ഭരണഘടനയ്ക്കു രൂപം നൽകിയതിൽ ബി.ആർ.അംബേദ്കറെക്കാൾ പങ്ക് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനാണെന്ന പിത്രോദയുടെ പരാമർശവും വിവാദമായി. വിവാദമായതോടെ, പോസ്റ്റ് പിൻവലിച്ചു.

∙ ‘ഹുവാ തോ ഹുവാ’ : 1984 ലെ സിഖ് വിരുദ്ധ കലാപത്തെപ്പറ്റിയുള്ള ചോദ്യത്തിന് ഹുവാ തോ ഹുവാ (കഴിഞ്ഞതു കഴിഞ്ഞു) എന്ന മറുപടി നൽകിയ സാം പിത്രോദയെ 2019 ൽ രാഹുൽ ഗാന്ധിക്ക് പരസ്യമായി വിമർശിക്കേണ്ടി വന്നു.  

English Summary:

Sam Pitroda resigns as Chairman of Indian Overseas Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com