മോദിയെ അനുകരിക്കാം, എതിരിടാനാകില്ല; ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദേശപത്രിക തള്ളി
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം അനുകരിച്ചു പ്രശസ്തനായ ഹാസ്യതാരം ശ്യാം രംഗീലയ്ക്ക് വാരാണസിയിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാനാവില്ല. ശ്യാമിന്റെ നാമനിർദേശപത്രിക തള്ളി. കാരണം വ്യക്തമല്ല.
പത്രിക സമർപ്പിക്കുന്നതു തടയാൻ ശ്രമമുണ്ടായിരുന്നെന്നു ശ്യാം ആരോപിച്ചിരുന്നു. എന്തു വിലകൊടുത്തും മോദിക്കെതിരെ മത്സരിക്കുമെന്നും പറഞ്ഞിരുന്നു. പൂരിപ്പിക്കാനുള്ള ഫോമുകൾ ശ്യാമിന് നൽകുന്നില്ലെന്ന് കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.
മോദിയടക്കം 7 സ്ഥാനാർഥികളുടെ 14 പത്രികകളാണ് അംഗീകരിച്ചത്. മോദി 4 സെറ്റ് പത്രികയാണ് നൽകിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ്, ബിഎസ്പി നേതാവ് അഥർ ജമാൽ ലാരി എന്നിവരാണ് മോദിയുടെ പ്രധാന എതിരാളികൾ. 35 പത്രികകൾ തള്ളി. ഏഴാംഘട്ടത്തിൽ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്. തുടർച്ചയായി മൂന്നാം തവണയാണ് മോദി ഇവിടെ മത്സരിക്കുന്നത്.