ADVERTISEMENT

വാരാണസി / നാസിക് ∙ ഹിന്ദു– മുസ്‌ലിം വേർതിരിവോടെ എന്നു സംസാരിക്കുന്നുവോ, അതോടെ താൻ ‘രാഷ്ട്രീയത്തിൽ തുടരാൻ അർഹനല്ലാതാകു’മെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച യുപിയിലെ വാരാണസിയിൽ ചാനൽ അഭിമുഖത്തിൽ ഇങ്ങനെ മോദി, ഇന്നലെ മഹാരാഷ്ട്രയിലെ നാസിക്കിൽ വീണ്ടും സ്വരം മാറ്റി. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കു വെവ്വേറെ ബജറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്നു പറഞ്ഞ് മുൻദിവസങ്ങളിലെ ആരോപണങ്ങൾ കടുത്ത ഭാഷയിൽ ആവർത്തിച്ചു.

വാരാണസിയിൽ പറഞ്ഞതിങ്ങനെ: 

ഒരിക്കലും മതംതിരിച്ച് ഞാൻ പറയില്ല; ഇതെന്റെ പ്രതിജ്ഞയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഹിന്ദു– മുസ്​ലിം ഭിന്നത സൃഷ്ടിക്കുകയാണെന്ന വിമർശനങ്ങൾ എന്നെ ഞെട്ടിച്ചു. കൂടുതൽ കുട്ടികളുള്ളവർ എന്നു പറയുമ്പോൾ എങ്ങനെയാണത് മുസ്​ലിംകൾക്ക് എതിരാകുക ? അതു പാവപ്പെട്ട കുടുംബങ്ങളായിക്കൂടേ? ദാരിദ്ര്യം ഉള്ളിടത്ത് കുട്ടികളുടെ എണ്ണം കൂടാറുണ്ട്. നന്നായി വളർത്താൻ കഴിയുമെങ്കിൽ എത്ര കുട്ടികൾ വേണമെങ്കിലുമാകാം.

എന്റെ വീടിനടുത്ത് ഒട്ടേറെ മുസ്​ലിം കുടുംബങ്ങളുണ്ടായിരുന്നു. ഈദും മുഹറവും വീട്ടിൽ ആഘോഷിക്കാറുണ്ടായിരുന്നു. ഈദ് സമയത്ത് സമീപത്തെ മുസ്​ലിം കുടുംബങ്ങളിൽനിന്നു ഭക്ഷണം കൊണ്ടുവരും. അതിനാൽ ആ ദിവസങ്ങളിൽ വീട്ടിൽ ഭക്ഷണമുണ്ടാക്കിയിരുന്നില്ല. ഇപ്പോഴും ധാരാളം മുസ്​ലിം സുഹൃത്തുക്കളുണ്ട്. 2002 ലെ ഗുജറാത്ത് കലാപത്തെ എന്റെ പ്രതിഛായ മോശമാക്കാൻ എതിരാളികൾ ഉപയോഗിച്ചിട്ടുണ്ട്. 

നാസിക്കിൽ പറഞ്ഞത്:

രാജ്യത്തെ ബജറ്റിന്റെ 15% വിഹിതം മുസ്‌‌ലിംകൾക്കു നൽകാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നു. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കു വെവ്വേറെ ബജറ്റുകൾ വേണമെന്നാണ് അവരുടെ ആഗ്രഹം. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്‌ലിംകളാണെന്നായിരുന്നു യുപിഎ സർക്കാരിന്റെ നിലപാട്. കോൺഗ്രസിനു ഭരണം കിട്ടിയാൽ കർണാടക മാതൃകയിൽ ഒബിസി സംവരണം കവർന്ന് മുസ്‌ലിംകൾക്കു നൽകും. ഒറ്റ ന്യൂനപക്ഷമേ കോൺഗ്രസിനു മുന്നിലുള്ളൂ. അത് അവരുടെ പ്രിയപ്പെട്ട വോട്ട്ബാങ്കാണ്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെയും ഇന്ത്യാസഖ്യത്തിന്റെയും പദ്ധതികളാണ് ഞാൻ തുറന്നുകാട്ടുന്നത്.

വാവിട്ട വാക്ക്...; കഴിഞ്ഞ ഒരു മാസത്തിനിടെ തിരഞ്ഞെടുപ്പുയോഗങ്ങളിൽ മോദി പറഞ്ഞത്

∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്കു വീതിച്ചുനൽകും. (ഏപ്രിൽ 21, ബൻസ്വാര, രാജസ്ഥാൻ)

∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവർക്കു വീതിച്ചു നൽകും. (ഏപ്രിൽ 22, അലിഗഡ്, ഉത്തർപ്രദേശ്)

∙ ഒബിസി സംവരണപ്പട്ടികയിൽ മുസ്‌ലിംകളെ ഉൾപ്പെടുത്തി ഭരണഘടന മാറ്റിമറിക്കാനാണു കോൺഗ്രസ് ശ്രമം. (ഏപ്രിൽ 30, ബാഗൽകോട്ട്,  കർണാടക)

∙ മുസ‍്‌ലിംകൾക്കു സംവരണം നൽകാൻ ഭരണഘടന മാറ്റില്ലെന്ന് എഴുതിത്തരാൻ കോൺഗ്രസിനു ധൈര്യമുണ്ടോ ? (മേയ് 1, ബനാസ്കാണ്ഡ, ഗുജറാത്ത്)

∙ നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കൾ കോൺഗ്രസ് പിടിച്ചെടുത്തു ‘വോട്ട് ജിഹാദ്’ നടത്തുന്നവർക്കു വിതരണം ചെയ്യും. (മേയ് 4, ഛായ്​ബാസ, ജാ‍ർഖണ്ഡ്)

∙ കോൺഗ്രസ് വന്നാൽ ക്രിക്കറ്റ് ടീമിലും ന്യൂനപക്ഷങ്ങൾക്കു മുൻഗണന കിട്ടും. (മേയ് 7, ധർ, മധ്യപ്രദേശ്)

English Summary:

Narendra Modi's statements in loksabha elections 2024 campaign meetings over the past one month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com