കേജ്‌രിവാളിനെതിരായ സാക്ഷിമൊഴികൾ ഇ.ഡി ഹാജരാക്കണം
Mail This Article
ന്യൂഡൽഹി ∙ മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരായ സാക്ഷിമൊഴികളുടെ രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു നിർദേശിച്ചു. മനീഷ് സിസോദിയയ്ക്കു ജാമ്യം നിഷേധിച്ചതിനുശേഷവും കേജ്‍രിവാളിന്റെ അറസ്റ്റിനു മുൻപും രേഖപ്പെടുത്തിയ മൊഴികളുടെ ഫയൽ ഹാജരാക്കാൻ നിർദേശിച്ച കോടതി, അറസ്റ്റ് ചോദ്യം ചെയ്ത് കേജ്‌രിവാൾ നൽകിയ ഹർജി വിധി പറയാൻ മാറ്റി.
സ്ഥിരജാമ്യം തേടി ആവശ്യമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അറസ്റ്റ് ചോദ്യംചെയ്തുള്ള ഹർജിയിലെ തീരുമാനം വൈകുമെന്നതിനിലാണു കേജ്‌രിവാൾ ആവശ്യപ്പെടാതെതന്നെ സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. ജൂലൈ 2നു ജയിലിലേക്കു മടങ്ങണമെന്നാണു ബെഞ്ച് വ്യക്തമാക്കിയത്. കേജ്‌രിവാളിന് അനുകൂലമായ 9 സാക്ഷിമൊഴികൾ അവഗണിക്കുകയും എതിരായ ഒരെണ്ണം പരിഗണിക്കുകയുമാണ് ഇ.ഡി ചെയ്തതെന്നു കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി.