ADVERTISEMENT

വാഷിങ്ടൻ∙ വെസ്റ്റ് ബാങ്കിൽ പലസ്തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്സ യെഹൂദയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ആദ്യമായാണ് ഇസ്രയേൽ സൈനിക യൂണിറ്റിനെതിരെ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾക്ക് യുഎസിലെ ജോ ബൈഡൻ ഭരണകൂടം ആലോചിക്കുന്നത്. അതേസമയം, യുഎസ് നീക്കത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്തിയിലാണ്.

ബറ്റാലിയനെതിരെ ഉപരോധം ഏർപ്പെടുത്താൻ പാടില്ലെന്നും തീവ്രവാദത്തിനെതിരെ പടപൊരുതുന്ന സൈനികർക്കെതിരെ ഉപരോധമേർപ്പെടുത്തുന്നത് അസംബന്ധവും അസന്മാർഗികവുമാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.  

ഇസ്രയേൽ സൈന്യത്തിലെ തീവ്ര യാഥാസ്ഥിതികരായ കാലാൾപ്പടയാണ് നെത്സ യെഹൂദ. വിശ്വാസവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും കൂടാതെ സേനയെ സേവിക്കുന്നവർ മാത്രമാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് വനിതാ സൈനികരുമായി ഇടപഴകാൻ അനുവാദമില്ല. മാത്രമല്ല, മതപഠനത്തിനും പ്രാർഥനയ്ക്കുമായി ഇവർക്ക് അധിക സമയം നൽകുന്നുമുണ്ട്.

പലസ്തീൻകാർക്കെതിരായ അതിക്രമങ്ങളുടെ പേരിൽ നെത്സ  യെഹൂദക്കെതിരേ നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നു. ബറ്റാലിയൻ തടങ്കലിലാക്കിയ പലസ്തീൻ–അമേരിക്കൻ പൗരനായ എഴുപത്തിയെട്ടുകാരൻ കൊല്ലപ്പെട്ടിരുന്നു. കൈവിലങ്ങിട്ട്, കണ്ണു മൂടിക്കെട്ടി കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

2022 ഡിസംബറിൽ, ഈ ബറ്റാലിയനെ വെസ്റ്റ് ബാങ്കിനു പുറത്തേക്ക് മാറ്റിയിരുന്നു. സൈനികരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് നടപടിയെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ തള്ളിയിരുന്നു. യുഎസ് ഉപരോധം വന്നാൽ ഇവർക്ക് അമേരിക്കൻ സൈനികരോടൊപ്പം പരിശീലനം നടത്താനോ യുഎസ് ഫണ്ടിങ് ഉപയോഗിച്ച് ഏതെങ്കിലും പ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ സാധിക്കില്ല. ബറ്റാലിയനിലേക്ക് യുഎസ് ആയുധങ്ങൾ കൈമാറുന്നതിനും ഉപരോധം തടസ്സമാകും.

English Summary:

US to sanction the Netzah Yehuda battalion of the Israeli military for alleged human rights abuses in the West Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com