ADVERTISEMENT

കോട്ടയം∙ അതിരമ്പുഴയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് എത്തിയപ്പോൾ ചിതറിയോടിയ സംഘത്തിലൊരാൾ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. അതിരമ്പുഴ സ്വദേശി ആകാശ് സുരേന്ദ്രൻ (20) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ അതിരമ്പുഴ നാൽപ്പാത്തി മല ഭാഗത്തായിരുന്നു സംഭവം. നാൽപ്പാത്തിമല ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് കഞ്ചാവ് മാഫിയ സംഘം താവളം അടിച്ചിരുന്നത്.

ഇന്നലെ രാത്രിയോടെ മറ്റൊരു വിഭാഗവുമായി ഇവർ തർക്കത്തിലാകുകയും കയ്യാംകളിയിലേക്ക് നീങ്ങുകയുമായിരുന്നു. അർധ രാത്രിയ്ക്കു ശേഷവും സംഘട്ടനവും കൊലവിളിയും തുടർന്നതോടെയാണ് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത്. പുലർച്ചെ 2 മണിയോടെയാണ് ഗാന്ധിനഗർ പൊലീസിന്റെ പെട്രോളിങ് സംഘം സ്ഥലത്തെത്തിയത്. പൊലീസ് വാഹനത്തിന്റെ വെട്ടം കണ്ട് സംഘാംഗങ്ങൾ ചിതറി ഓടി. ഇതിലൊരു യുവാവ് വഴിതെറ്റി സമീപത്തെ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു.

പൊലീസ് പോയി കഴിഞ്ഞപ്പോൾ വീണ്ടും സംഘം ഒത്തുചേർന്നു. ഒരാളെ കാണാനില്ലെന്ന മനസ്സിലാക്കി തിരച്ചിൽ നടത്തുമ്പോഴാണ് ആകാശ് പൊട്ടക്കിണറ്റിൽ വീണത് അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തു നിന്നും അഗ്നി രക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗാന്ധിനഗർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

English Summary:

Conflict between Mafias; The 20-year-old fell into a well and died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com