ADVERTISEMENT

പാലക്കാട് ∙ അപരനു വേണ്ടി പൊഴിച്ച കണ്ണീർക്കണങ്ങളിലൂടെ മനുഷ്യസ്നേഹത്തിന്റെ ഇതിഹാസമായി മാറിയ മഹാകവി അക്കിത്തം (94) ഓർമകളിലേക്കു മറയുന്നു; ഗ്രാമത്തിലെ പച്ചമണ്ണിന്റെ ലാളിത്യമുള്ള കാവ്യങ്ങൾ ഭാഷയുള്ള കാലത്തോളം ജീവിക്കും.

ജ്ഞാനപീഠം പുരസ്കാരം ഏറ്റുവാങ്ങി ആഴ്ചകൾക്കുള്ളിൽ, ഇന്നലെ രാവിലെ 8.10 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ സാഹിത്യ അക്കാദമി ഹാളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് 5 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കുമരനല്ലൂർ അമേറ്റൂർ ‘ദേവായനം’ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.

Akkitham-Wife
അക്കിത്തം ഭാര്യ ശ്രീദേവി അന്തർജനത്തിനൊപ്പം

സംസ്കൃതത്തിന്റെ പ്രൗഢിയും മലയാളത്തിന്റെ തെളിമയും നിറഞ്ഞ കവിതകളുടെ വേരു തൊട്ടു ചില്ലകൾ വരെ മാനവികത നിറച്ചാണ് അക്കിത്തം മഹാകവിയായത്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന കനവും ആഴവുമുള്ള ദർശനം സൗമ്യമായി എന്നാൽ വജ്രമൂർച്ചയോടെ കുറിച്ച അദ്ദേഹം മനുഷ്യത്വത്തിലൂന്നിയ ആത്മീയതയിലൂടെ ‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ’ എന്നു വിനയാന്വിതനായി. ‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ/ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’എന്നു ഭാരതീയദർശനത്തിന്റെ കാന്തി പകരുകയും ചെയ്തു.

അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണു ജനനം. വേദത്തിനു പുറമേ ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും പൂർത്തിയാക്കാതെ തൃശൂർ മംഗളോദയം പ്രസിൽ ‘ഉണ്ണി നമ്പൂതിരി’ മാസികയുടെ പ്രിന്ററും പബ്ലിഷറുമായി. എട്ടാം വയസ്സു മുതൽ കവിതയെഴുതിത്തുടങ്ങി. ഇടശ്ശേരി, വി.ടി ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാടൻ എന്നിവരുൾപ്പെട്ട പൊന്നാനിക്കളരിയാണ് അക്കിത്തത്തിലെ കവിത്വത്തെ ഉണർത്തിയത്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടനായ കവി പിന്നീട് യോഗക്ഷേമസഭയുടെ സജീവ പ്രവർത്തകനുമായി.

Akkitham-brother
അക്കിത്തം സഹോദരൻ അക്കിത്തം നാരായണനൊപ്പം

പട്ടാമ്പി ആലമ്പിള്ളി മനയിലെ ശ്രീദേവി അന്തർജനവുമായി 1949ൽ വിവാഹം. ഭാര്യ 2019ൽ അന്തരിച്ചു. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. സഹോദരങ്ങൾ: അക്കിത്തം നാരായണൻ (ചിത്രകാരൻ, പാരിസ്), അക്കിത്തം ജയരാമൻ നമ്പൂതിരി, അക്കിത്തം കൃഷ്ണൻ നമ്പൂതിരി, ലീല അന്തർജനം, ആര്യ അന്തർജനം, സാവിത്രി അന്തർജനം, പരേതരായ അക്കിത്തം വാസുദേവൻ നമ്പൂതിരി, അക്കിത്തം പരമേശ്വരൻ നമ്പൂതിരി, ദേവകി അന്തർജനം, ഉമാദേവി അന്തർജനം. 

ഞാനെന്നൊരാൾ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാവുകയും ചെയ്യും. ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നത് വെറും തോന്നൽ മാത്രം

English Summary: Akkitham passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com