വലിയ ഇടയന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ കബറടക്കം

Mar-Chrysostom
തിരുവല്ല എസ്‌സിഎസ് ക്യാംപസിലെ ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഹാളിൽ പൊതുദർശനത്തിനു വച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരത്തിനു മുൻപിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്ത്യോപചാരം അർപ്പിക്കുന്നു. ചിത്രം: മനോരമ
SHARE

തിരുവല്ല ∙ ജാതി മത ഭേദമില്ലാതെ സമൂഹമൊന്നായി അർപ്പിച്ച ആദരം ഏറ്റുവാങ്ങി മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വാക്കുകളുടെയും വേദികളുടെയും ലോകത്തോടു വിടചൊല്ലി. സഭാ ആസ്ഥാനത്ത്, കാലം ചെയ്ത ബിഷപ്പുമാരുടെ കബറുകൾക്കു സമീപം ചിരിയുടെ വലിയ ഇടയനു നിത്യവിശ്രമം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ശുശ്രൂഷകൾ. 

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ്‍ മാർത്തോമ്മാ മെത്രാപ്പൊലീത്ത സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മാർത്തോമ്മാ സഭയിലെയും സഹോദരി സഭകളിലെയും ബിഷപ്പുമാർ സഹ കാർമികരായി. സംസ്ഥാനത്തിന്റെ ആദരം അർപ്പിക്കാൻ മുഖ്യമന്ത്രിയും ഗവർണറും നേരിട്ടെത്തി. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും ഉച്ചയ്ക്കു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പുഷ്പ ചക്രം അർപ്പിച്ചു. 

മൂന്നു മണിയോടെ കബറടക്ക ശുശ്രൂഷകൾ തുടങ്ങി. സഭാധ്യക്ഷന്റെ കസേരയിൽ ഇരുത്തി വൈദികർ മാർ ക്രിസോസ്റ്റത്തെ കൈകളിൽ ഉയർത്തി ശുശ്രൂഷ ചെയ്ത ദേവാലയത്തോടും വിശ്വാസ സമൂഹത്തോടും യാത്ര ചോദിച്ചു. 

കോവിഡ് മാനദണ്ഡ പ്രകാരം ആളുകളുടെ എണ്ണം കുറച്ചിരുന്നു. മരക്കുരിശിനു പിന്നാലെ മാർ ക്രിസോസ്റ്റത്തിന്റെ 3 കുടുംബാംഗങ്ങൾ, അവർക്കു പിന്നിൽ വൈദികർ, വിവിധ സഭകളിലെ ബിഷപ്പുമാർ തുടങ്ങിയവർ അനുഗമിച്ചു. മാർത്തോമ്മാ സഭാ ആസ്ഥാനമായ എസ്‌സിഎസ് കുന്നിലെ നഗരി കാണിക്കലോടെയാണ് കബറിടത്തിൽ ഭൗതിക ശരീരം എത്തിച്ചേർന്നത്. ഇവിടെ പൊലീസ് അവസാന ബ്യൂഗിൾ ഊതി. 4.45ന് ഭൗതിക ശരീരം കല്ലറയിൽ വച്ചു.

English Summary: Former Mar Thoma Church head Philipose Mar Chrysostom laid to rest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS