ADVERTISEMENT

തിരുവനന്തപുരം ∙ വഴുതക്കാട്ടെ മന്ത്രിമന്ദിരങ്ങളായ റോസ് ഹൗസിന്റെയും സാനഡുവിന്റെയും നടുവിലുള്ള മതിലിലെ വാതിൽ പതിറ്റാണ്ടുകൾ കഴിയുമ്പോഴും ഗൗരിയമ്മയുടെയും ടി.വി. തോമസിന്റെ പ്രണയ സ്മാരകമായി നിലനിൽക്കുന്നു. 

1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ടി.വി.തോമസിനും കെ.ആർ.ഗൗരിയമ്മയ്ക്കും കതിർമണ്ഡപമൊരുങ്ങിയ മന്ത്രിമന്ദിരമാണു സാനഡു. 1967ൽ സിപിഐ മന്ത്രിയായി ടി.വി.തോമസും സിപിഎം മന്ത്രിയായി ഗൗരിയമ്മയും ഇഎംഎസ് മന്ത്രിസഭയിലെത്തി.  ടി.വി. തോമസ് റോസ് ഹൗസിലും ഗൗരിയമ്മ സാനഡുവിലും താമസിച്ചു. 10 കൊല്ലത്തിനിടെ അവരുടെ ജീവിതത്തിൽ നേരിയ അസ്വാരസ്യങ്ങൾ ഉടലെടുത്ത കാലം. വ്യത്യസ്ത പാർട്ടികളിൽപ്പെട്ട സന്ദർശകർ മന്ത്രിമാരെ കാണാനെത്തുമ്പോഴുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായിരുന്നു ഇരുവരും വ്യത്യസ്ത മന്ദിരങ്ങൾ തിരഞ്ഞെടുത്തത്. എങ്കിലും ഭക്ഷണവും താമസവും ഇരുവരും ഒരുമിച്ചായിരുന്നു. 

രാവിലെ ഇരു കാറുകളിൽ പോകുന്ന ഗൗരിയമ്മയും ടിവിയും ഉച്ചയ്ക്ക് ഊണു കഴിക്കാൻ ഒരു കാറിൽ വരുന്നതായിരുന്നു പതിവ്. റോസ് ഹൗസിലേക്ക് ചുറ്റിക്കറങ്ങിയുള്ള ഗൗരിയമ്മയുടെ യാത്ര ബുദ്ധിമുട്ടായതോടെ മതിൽ പൊളിച്ച് കൊച്ചു സ്വകാര്യ ഗേറ്റുണ്ടാക്കി. അതിലൂടെയാണ് ദിവസം പലവട്ടം ഗൗരിയമ്മ ഭർത്താവിന്റെ അടുത്ത് എത്തിയിരുന്നത്. കലഹം മൂർച്ഛിച്ച് ഒരിക്കൽ ഗൗരിയമ്മ ഇറങ്ങിപ്പോയതും ഇതേ ഗേറ്റിലൂടെയാണെന്നതു ചരിത്രം. പിന്നെ ഏറെക്കാലം ആ ഗേറ്റ് അടഞ്ഞുകിടന്നു. 1979 ൽ പി.കെ.വാസുദേവൻ നായർ മന്ത്രിസഭയുടെ കാലത്താണ് പിന്നീട് ഇൗ ഗേറ്റ് തുറന്നത്. 

പുതിയ മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ, 5 വർഷം ഇവിടെ വസിച്ച മന്ത്രിമാർ പടിയിറങ്ങുകയാണ്. ആ വാതിലിനു കാരണക്കാരിയായ ഗൗരിയമ്മ 5 കിലോമീറ്ററിന് അപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വിടചൊല്ലുമ്പോൾ ഇരു മന്ത്രി മന്ദിരങ്ങളിലും ദുഃഖം തളംകെട്ടി. റോസ് ഹൗസിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും സാനഡുവിൽ മന്ത്രി എം.എം.മണിയുമാണ് താമസക്കാർ.

English Summary: KR Gowri Amma and T.V. Thomas love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com