മാനസ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; രഖിലിന്റെ സുഹൃത്ത് ആദിത്യൻ രണ്ടാം പ്രതി
Mail This Article
കോതമംഗലം∙ നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ, കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ (24)യെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സുഹൃത്ത് തലശ്ശേരി മേലൂർ രാഹുൽ നിവാസിൽ രഖിൽ (32) ജീവനൊടുക്കിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കോതമംഗലം മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ബിഹാറിൽ നിന്നു തോക്കു വാങ്ങുന്നതിനും കൊണ്ടുവരുന്നതിനും കൂട്ടുനിന്ന രഖിലിന്റെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് കണ്ടമ്പേത്ത് ആദിത്യൻ (31) ആണു രണ്ടാം പ്രതി. തോക്ക് നൽകിയ ബിഹാർ സ്വദേശികളായ സോനുകുമാർ മോദി (22), ഇടനിലക്കാരൻ മനീഷ്കുമാർ വർമ എന്നിവർ മൂന്നും നാലും പ്രതികളാണ്. രഖിൽ ആണ് ഒന്നാം പ്രതി.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം തയാറാക്കിയത്. 81 സാക്ഷികളുണ്ട്. കേസിൽ സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതിനു 3 പേരുടെ ലിസ്റ്റ് തയാറാക്കി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ബിഹാറിൽ നിന്നാണ് വാങ്ങിയതെന്ന സൂചനയെ തുടർന്നാണ് ബിഹാർ സ്വദേശികളായ 2 പേരെയും തോക്ക് വാങ്ങാൻ കൂടെ പോയ ആദിത്യനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
English Summary: Manasa murder case: chargesheet submitted