തദ്ദേശസ്ഥാപനങ്ങളിലേക്കും സ്വകാര്യ പങ്കാളിത്തം
Mail This Article
പാലക്കാട് ∙ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികൾക്കും സ്വകാര്യ, സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം സ്വീകരിക്കാമെന്നു സർക്കാരിന്റെ മാർഗരേഖ. സിപിഎമ്മിന്റെ വികസന നയരേഖയുടെ ചുവടുപിടിച്ചാണു തദ്ദേശ ഭരണ വകുപ്പിന്റെ നിർദേശം.
കേരള ബാങ്കിൽനിന്നും ദേശസാൽകൃത ബാങ്കുകളിൽനിന്നും വായ്പയെടുത്തും പദ്ധതികൾ നടപ്പാക്കാം. തിരഞ്ഞെടുത്ത പദ്ധതികൾക്കു കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സിഎസ്ആർ) നേടാം. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ, അധിക ഫണ്ട് സ്വയം കണ്ടെത്തി സാമ്പത്തിക വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കണമെന്നു മാർഗരേഖയിൽ വ്യക്തമാക്കുന്നു. സ്വകാര്യമേഖലയുമായി സഹകരിക്കാൻ നേരത്തെ അനുവാദമുണ്ടെങ്കിലും ഇത്തവണ അതു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനാകും. പങ്കാളിത്തത്തിനുള്ള വ്യവസ്ഥകൾ ഉൾപ്പെടെ വിശദമായ മാർഗരേഖ പിന്നീടു നൽകും.
സഹകരണ, സ്വകാര്യ പങ്കാളിത്തത്തിന് ഉൽപാദനമേഖലയ്ക്കാണു മുൻഗണന നൽകേണ്ടത്. തിരഞ്ഞെടുത്ത അടിസ്ഥാനവികസന പദ്ധതികൾക്കു സഹകരണ ഫണ്ട് ലഭ്യമാക്കാം. വിനോദസഞ്ചാരം, വ്യവസായം, സേവനം തുടങ്ങിയ മേഖലകളിൽ സ്വകാര്യ മൂലധന നിക്ഷേപം കണ്ടെത്തണം.
ഉൽപാദന മേഖലയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കാണു മുൻഗണന നൽകേണ്ടത്. തൊഴിലവസരം സൃഷ്ടിക്കാൻ വിവിധ കമ്പനികളുടെ ശാഖകൾ, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കു നവീനരീതിയിൽ അടിസ്ഥാനസൗകര്യമൊരുക്കാനും തദ്ദേശസ്ഥാപനങ്ങൾക്കു പണം ചെലവഴിക്കാം.
English Summary: Private sector investment in Kerala local bodies