ചാത്തനാട്ടെ വീട് സ്മാരകമാക്കാനുള്ള നടപടികൾ ഒന്നുമായില്ല; ഗൗരിയമ്മയുടെ ഓർമകൾക്ക് ഒരാണ്ട്
Mail This Article
ആലപ്പുഴ ∙ വിപ്ലവനായിക കെ.ആർ.ഗൗരിയമ്മയുടെ ഒന്നാം ചരമവാർഷികം ഇന്ന്. ഗൗരിയമ്മ സ്ഥാപിച്ച ജെഎസ്എസിന്റെ പല വിഭാഗങ്ങൾ ഇന്ന് വെവ്വേറെ അനുസ്മരണം നടത്തും. ബീനാകുമാരിയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ് ഇന്നു രാവിലെ 8.30ന് വലിയ ചുടുകാട്ടിൽ ഗൗരിയമ്മയുടെ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാർച്ചനയും 11ന് ടൗൺ ഹാളിൽ അനുസ്മരണ സമ്മേളനവും നടത്തും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും.
എ.എൻ.രാജൻബാബു വിഭാഗം വൈകിട്ട് 3ന് വൈഎംസിഎ ഹാളിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. എ.എൻ.രാജൻബാബു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എ.വി.താമരാക്ഷൻ അധ്യക്ഷത വഹിക്കും.
ജെഎസ്എസ് (സോഷ്യലിസ്റ്റ്) നേതൃത്വത്തിൽ രാവിലെ 8ന് സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും വൈകിട്ട് 3ന് തിരുവനന്തപുരത്ത് അനുസ്മരണ സമ്മേളനവും നടത്തും. രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വി.എച്ച്.സത്ജിത് അധ്യക്ഷത വഹിക്കും.
എങ്ങുമെത്താതെ സ്മാരകം
ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടെ വീട് സ്മാരകമാക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ഗൗരിയമ്മയുടെ വിൽപത്ര പ്രകാരം വീടും സ്ഥലവും ലഭിച്ച ബന്ധു ഡോ. ഡോ. പി.സി.ബീനാകുമാരി ഇത് സ്മാരകത്തിനായി സർക്കാരിനു നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ചില ബന്ധുക്കൾ തടസ്സം ഉന്നയിച്ചതിനാൽ പേരിൽ കൂട്ടാൻ കഴിഞ്ഞിട്ടില്ല. വിൽപത്രം സാധൂകരിച്ച കോടതിവിധി റവന്യു അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബീനാകുമാരി പറഞ്ഞു.
വീട് സ്ത്രീപഠന കേന്ദ്രമാക്കാനാണ് ആലോചന. ഇതിനായി കലക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഒരു യോഗം മുൻപ് ചേർന്നിരുന്നു. വനിതകളുടെ കലാപ്രവർത്തനങ്ങൾ, ചരിത്രത്തിൽ ഇടം നേടിയ വനിതകളെ അനുസ്മരിക്കുന്ന പരിപാടികൾ തുടങ്ങിയവയും ആലോചിക്കുന്നുണ്ട്.
English Summary: K.R. Gowri Amma first death anniversary