ADVERTISEMENT

തലശ്ശേരിയിൽ എത്തിയാൽ ടിസി മുക്കിലെ സിപിഎം ഓഫിസായ സി.എച്ച്.കണാരൻ മന്ദിരത്തിൽ കയറാതെ കോടിയേരി ബാലകൃഷ്ണൻ വീട്ടിലേക്കു പോകാറില്ല. സംസ്ഥാന സെക്രട്ടറിയായപ്പോഴും മുടക്കമില്ലാതെ തുടർന്ന ആ പതിവു പക്ഷേ, ഇന്നലെ തെറ്റി!

സി.എച്ച്.കണാരൻ മന്ദിരത്തിനു വിളിപ്പാടകലെയുള്ള തലശ്ശേരി ടൗൺ ഹാളിൽനിന്ന് ഓഫിസിൽ കയറാതെ ഈങ്ങയിൽ പീടികയിലെ വീട്ടിലേക്ക് അവസാനയാത്രയ്ക്കിറങ്ങുമ്പോൾ പ്രിയനേതാവിന്റെ ഓർമകളിൽ തലശ്ശേരി തേങ്ങി. വഴിയിൽ കാത്തുനിന്നവർ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങൾ അപ്പോഴും വഴിയരികിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ഓർമകൾ പൂത്തുനിന്ന വഴിയിലൂടെയായിരുന്നു കോടിയേരിയുടെ അവസാന യാത്ര. മൃതദേഹവുമായി രാവിലെ 11.30ന് ചെന്നൈയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസ് 12.45നു കണ്ണൂരിന്റെ മണ്ണു തൊട്ടു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ആഭ്യന്തര വിമാന സർവീസിലെ യാത്രക്കാരനായിരുന്ന കോടിയേരി അവസാനമായി വിമാനത്താവളത്തിൽ. മണിക്കൂറുകൾക്കു മുൻപേ വിമാനത്താവള പരിസരം ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു.1.20നു തലശ്ശേരിയിലേക്കുള്ള അന്ത്യയാത്ര.

ജനക്കൂട്ടത്തിനരികിലെത്തുമ്പോൾ ആംബുലൻസ് വേഗം കുറഞ്ഞു. പ്രിയപ്പെട്ടവരെ കാണുമ്പോൾ നടപ്പിന്റെ വേഗമൊന്നു കുറച്ച്, ചിരിച്ചു കുശലം പറഞ്ഞു പോകുന്ന നേതാവാണ് ഉള്ളിൽ. ഇരുവശവും ചില്ലിട്ട ആംബുലൻസിനുള്ളിൽ മിഴികളടച്ചു കിടക്കുന്ന നേതാവിനെ കാണാൻ ആളുകൾ മണിക്കൂറുകൾ പൊരിവെയിലിൽ കാത്തുനിന്നു. അടിയന്തരാവസ്ഥക്കാലത്ത് കോടിയേരിയുടെ നേതൃത്വത്തിൽ പ്രകടനം നടന്ന ചിറക്കരയിലും കൂത്തുപറമ്പിലെ രക്തസാക്ഷി സ്മാരകത്തിലുമെല്ലാം വിലാപയാത്രയെത്തി. കോടിയേരി ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണു കൂത്തുപറമ്പ് വെടിവയ്പു നടന്നത്.

vinodini
താങ്ങാനാവാതെ: തലശ്ശേരി ടൗൺഹാളിൽ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ തളർന്നു വീണപ്പോൾ. മകൻ ബിനീഷ് കോടിയേരി, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല, സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി തുടങ്ങിയവർ സമീപം. ചിത്രം:മനോരമ

3.17നു മൃതദേഹം തലശ്ശേരി ടൗൺ ഹാളിലേക്ക്. പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയവരുടെ വരി ടൗൺ ഹാളിനു പുറത്തേക്ക് കിലോമീറ്ററുകൾ നീണ്ടു.

രാത്രി മൂളിയിൽനടയിലെ വീട്ടിലേക്ക് അവസാനമായി കോടിയേരി എത്തി. ഒൻപതാം ക്ലാസ് മുതൽ ബാലകൃഷ്ണൻ പേരിനൊപ്പം ചേർത്തുവച്ച നാട്–കോടിയേരി, പ്രിയപുത്രനെ ഹൃദയത്തോടു ചേർത്തുവച്ച് ഉറങ്ങാതിരുന്നു.

ആദരാഞ്ജലി അർപ്പിച്ച് നേതാക്കളുടെ നിര

തിരുവനന്തപുരം ∙ ‘ഇടതു പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്കും വലിയ നഷ്ടം’ - സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണന്റെ ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചശേഷം സന്ദർശക ബുക്കിൽ കുറിച്ചു.

എകെജി സെന്ററിൽ രാവിലെ മുതൽ നേതാക്കൾ എത്തിയിരുന്നു. സിപിഎം നേതാക്കളായ എസ്.രാമചന്ദ്രൻ പിള്ള, എം.എ.ബേബി എന്നിവർക്കു പുറമേ സിപിഐ സംസ്ഥാന സമ്മേളന വേദിയിൽ നിന്നു മന്ത്രി ജി.ആർ.അനിൽ, നേതാക്കളായ കെ.ഇ.ഇസ്മായിൽ, സി,ദിവാകരൻ എന്നിവരുമെത്തി. പ്രവർത്തകരും ഇവിടെ എത്തി പുഷ്പാർച്ചന നടത്തി.

English Summary: Kodiyeri Balakrishnan: Thousands gather in Kannur to bid farewell

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com