ജഡ്ജിമാർക്ക് കൈക്കൂലി: പീഡനക്കേസിൽപ്പെട്ട നിർമാതാവിൽനിന്ന് പണം വാങ്ങി അഭിഭാഷകൻ
Mail This Article
കൊച്ചി∙ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്നു പണം വാങ്ങിയതായി പ്രഥമദൃഷ്ട്യാ കരുതാവുന്ന വസ്തുതകളുണ്ടെന്നും 3 ജഡ്ജിമാരുടെ പേരിൽ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലൻസ് റജിസ്ട്രാറുടെ റിപ്പോർട്ട്. ഹൈക്കോടതി ജഡ്ജി തന്നെ രഹസ്യ വിവരം നൽകുകയും കഴിഞ്ഞ നവംബറിൽ ചീഫ് ജസ്റ്റിസ് നിർദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്.
റിപ്പോർട്ടിൽ നിന്ന്: ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവർക്കു നൽകാൻ എന്ന പേരിൽ കൈക്കൂലി വാങ്ങിയെന്നാണു ചില അഭിഭാഷകരുടെ മൊഴി. കേട്ട വിവരം പുറത്തു പറഞ്ഞതിനു ഭീഷണിപ്പെടുത്താനും അപമാനിക്കാനും ശ്രമം ഉണ്ടെന്നും ചില അഭിഭാഷകർ പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ പേരു പറഞ്ഞ് കക്ഷിയുടെ പക്കൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ പേരിൽ 2 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്റെ പേരിൽ 50 ലക്ഷം രൂപ വാങ്ങിയെന്നും കേട്ടതായി അഭിഭാഷകരുടെ മൊഴിയിലുണ്ട്. പീഡനക്കേസിൽ ഉൾപ്പെട്ട സിനിമാ നിർമാതാവ് ഇങ്ങനെ പണം നൽകിയ കാര്യം പറഞ്ഞുവെന്ന് ഒരു അഭിഭാഷകൻ മൊഴി നൽകി.
ജഡ്ജിമാർക്കു നൽകാനെന്ന പേരിൽ അഭിഭാഷകൻ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം ഔദ്യോഗിക പെരുമാറ്റദൂഷ്യത്തിന്റെ പരിധിയിൽ വരുമെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടി ജുഡീഷ്യൽ നടപടികളിലുള്ള ഇടപെടലും നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്നതുമാണ്. ഈ സാഹചര്യത്തിൽ ബാർ കൗൺസിലിനെ അറിയിക്കണോ, കോടതിയലക്ഷ്യ നടപടി വേണോ എന്നെല്ലാം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണു റിപ്പോർട്ട്.
െഹെക്കോടതി അഭിഭാഷക സംഘടനയുടെ മുഖ്യഭാരവാഹി കൂടിയായ സൈബി ജോസിനെതിരെ െഹെക്കോടതി റജിസ്ട്രാർ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ നിർദേശപ്രകാരം കൊച്ചി പൊലീസ് കമ്മിഷണർ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.ഇതിന്റെ ഭാഗമായി, പണം നൽകിയെന്നു കരുതുന്ന സിനിമാ നിർമാതാവിൽ നിന്ന് ഇന്നലെ മൊഴിയെടുത്തു. ആരോപണവിധേയനായ അഭിഭാഷകനെ ഇന്നു ചോദ്യം ചെയ്യുമെന്നാണ് സൂചന.
English Summary: High court vigilance report against advocate in bribe case