അനിലിന്റെ അഭിപ്രായം അപക്വം: ശശി തരൂർ

shashi-tharoor-anil-antony
ശശി തരൂരും അനിൽ ആന്റണിയും. Image . Facebook/@antonyanilk
SHARE

തിരുവനന്തപുരം ∙ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്കെതിരെ അനിൽ ആന്റണി നടത്തിയ അഭിപ്രായ പ്രകടനത്തെ ശശി തരൂർ തള്ളി. ഒരു വിദേശ ഡോക്യുമെന്ററി കൊണ്ട് രാജ്യത്തിന്റെ പരമാധികാരത്തിന് ഒന്നും സംഭവിക്കില്ല. നമ്മുടെ രാജ്യ സുരക്ഷയും അത്ര അപകടത്തിലല്ല. ആ അഭിപ്രായ പ്രകടനം അപക്വമാണ്. ബാക്കി കാര്യങ്ങൾ അദ്ദേഹത്തോടു ചോദിക്കണം. 

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. എന്നാൽ, നമ്മുടെ പ്രധാനമന്ത്രിയെയോ രാജ്യത്തെയോ കുറിച്ച് ഒരു വിദേശ സ്ഥാപനം അഭിപ്രായ പ്രകടനം നടത്തുമ്പോൾ അതിനെ മറ്റു രീതിയിൽ സമീപിക്കുന്നവരും ഉണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാകണം. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നുമില്ല. നിരോധിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനും ശ്രമിച്ച് അതിനെ വിവാദമാക്കിയത് കേന്ദ്ര സർക്കാരാണ്. തരൂർ പറഞ്ഞു.

അനിൽ ആന്റണിക്ക് ജയ്റാമിന്റെ ഒളിയമ്പ്

അനിൽ ആന്റണിയുടെ പരാമർശം വിവാദമായതിനു പിന്നാലെ അനിൽ ആന്റണിയെയും ചാണ്ടി ഉമ്മനെയും താരതമ്യം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ ഒളിയമ്പ്. കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രിയുടെ മകൻ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്നപാദനായി നടക്കുമ്പോൾ, മറ്റൊരു മുഖ്യമന്ത്രിയുടെ മകൻ ആഘോഷിച്ചു നടക്കുകയാണെന്നായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം. അതേസമയം, ബിബിസി ഡോക്യുമെന്ററിയെക്കുറിച്ചുള്ള അനിൽ ആന്റണിയുടെ പരാമർശങ്ങളോടു കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചില്ല.

Read more: മോദി ഡോക്യുമെന്ററി: അനിൽ ആന്റണി രാജിവച്ചു; ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തൽ

പ്രതികരിക്കാതെ ആന്റണി

ചേർത്തല ∙ ബിബിസിയുടെ മോദി ഡോക്യുമെന്ററിയെപ്പറ്റി മകൻ അനിൽ ആന്റണി നടത്തിയ വിവാദപരാമർശവും പിന്നാലെ കോൺഗ്രസിൽ നിന്നുള്ള അനിലിന്റെ രാജിയും രാഷ്ട്രീയ ചർച്ചയായപ്പോൾ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി അതേപ്പറ്റി പ്രതികരിച്ചില്ല. സഹോദരൻ എ.കെ.ജോണിന്റെ മകൻ ജോസഫ് കുര്യൻ ജോണിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചേർത്തലയിൽ എത്തിയ അദ്ദേഹം, താൻ വന്നതു കുടുംബ ചടങ്ങിനാണെന്നും രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞൊഴിഞ്ഞു.

∙ രാജി സ്വാഗതം ചെയ്യുന്നു

‘കോൺഗ്രസിന്റെ നയപരിപാടികൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച അനിൽ ആന്റണിയുടെ രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർക്ക് മറ്റു വഴികൾ തേടാം. ഭൂതകാലം എല്ലാവരും ഓർക്കുമെന്ന ഭയമാണ് ബിജെപിക്ക്.’ – വി.ഡി.സതീശൻ. (പ്രതിപക്ഷനേതാവ്)

∙ രാജി അനിവാര്യത

‘അനിൽ ആന്റണിയുടെ രാജി ആശയപരമായ അനിവാര്യതയാണ്. കോൺഗ്രസിന്റെ നിലപാടിൽ നിന്നു കൊണ്ട് ആർക്കും ഈ അഭിപ്രായം പറയാനാകില്ല.’ – ഷാഫി പറമ്പിൽ (യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്)

∙ അനിലിന് ബോധമുണ്ടായതിൽ സന്തോഷം

ഐടി നിയമപ്രകാരം വിലക്കുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണിത്. കോൺഗ്രസിൽ അനിൽ ആന്റണിക്കെങ്കിലും ബോധമുണ്ടായതിൽ സന്തോഷമുണ്ട്.’ – വി.മുരളീധരൻ (വിദേശകാര്യ സഹമന്ത്രി)

∙ രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ നിൽക്കാനാവില്ല

രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജി. കോൺഗ്രസിന്റെ ദേശവിരുദ്ധ സമീപനത്തിന് ലഭിച്ച തിരിച്ചടിയാണിത്.’ – കെ.സുരേന്ദ്രൻ (ബിജെപി സംസ്ഥാന പ്രസിഡന്റ്)

English Summary: Shashi Tharoor MP criticizes Anil Antony's statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS