ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പി.കൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ എതിർത്തെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ വോട്ടെടുപ്പു വേണ്ടിവന്നെന്നും മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമായ പിരപ്പൻകോട് മുരളിയുടെ വെളിപ്പെടുത്തൽ. ഒരു വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതു കൊണ്ടു മാത്രമാണ് കൃഷ്ണപിള്ളയുടെ ജന്മശതാബ്ദി വേളയിൽ പാർട്ടി ഓഫിസിനു മുന്നിൽ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞത്. സിപിഎം നേതാക്കളായ എം.വിജയകുമാർ ‘വഞ്ചന’ കാട്ടിയെന്നും കടകംപള്ളി സുരേന്ദ്രൻ വിഭാഗീയനീക്കം നടത്തിയെന്നും പിരപ്പൻകോട് തുറന്നടിച്ചു.

അന്തരിച്ച കാട്ടായിക്കോണം ശ്രീധറെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമെന്നു പറഞ്ഞാണ് കൃഷ്ണപിള്ളയുടെ പ്രതിമയെ ഒരു വിഭാഗം നേതാക്കൾ എതിർത്തതെന്ന് ഒരു മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ആത്മകഥയിൽ പിരപ്പൻകോട് വെളിപ്പെടുത്തിയത്. സ്ഥിരം എതിർപ്പുകാരായ ചില സഖാക്കളാണ് കൃഷ്ണപിള്ളയുടെ പ്രതിമയെയും എതിർത്തതെന്ന് അദ്ദേഹം പറഞ്ഞു.

തുടർച്ചയായി മത്സരിക്കുന്നവർ മാറി നിൽക്കണമെന്ന തീരുമാനപ്രകാരം 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്നു മാറാൻ താൻ തയാറായപ്പോൾ ജില്ലാ സെക്രട്ടറി ആയിരുന്ന എം.വിജയകുമാർ അഞ്ചാം തവണ മത്സരിക്കാൻ തയാറായി. സ്ഥാനാർഥിയായി നോമിനേഷൻ നൽകിയിട്ടും വിജയകുമാർ സെക്രട്ടറി സ്ഥാനം വിട്ടില്ല. സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ജില്ലാ കമ്മിറ്റി വിളിച്ചുചേർത്താണ് തന്നെ താൽക്കാലിക സെക്രട്ടറി ആക്കിയത്. ‌സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയിട്ടും സെക്രട്ടറിയുടെ മുറിയുടെ താക്കോലോ കാറോ വിജയകുമാർ വിട്ടുതന്നില്ല. 

സ്ഥിരം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സമയം വന്നപ്പോൾ കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനും ജില്ലയിലെ വിഎസ് വിരുദ്ധരുമായി ചേർന്നു തനിക്കു പദവി കിട്ടാതിരിക്കാൻ ശ്രമം നടത്തിയെന്നു പിരപ്പൻകോട് ആരോപിക്കുന്നു. ജില്ലാ കമ്മിറ്റിയിൽ 17നെതിരെ 25 വോട്ടിന് ആർ.പരമേശ്വരൻ പിള്ളയെ തോൽപിച്ച് സെക്രട്ടറിയായ തന്നെ തുടർന്നും ഒരു വിഭാഗം വേട്ടയാടിയെന്നും പിരപ്പൻകോട് കുറ്റപ്പെടുത്തി.

Read Also: കൂത്താട്ടുകുളത്ത് അസം സ്വദേശി മരിച്ച നിലയിൽ; പൊള്ളലേറ്റു, കഴുത്തിൽ മുറിവ്

ഇഎംഎസിനെപ്പറ്റി നാടകം; ധൂർത്തും ആരോപിച്ചു

∙ ആദ്യത്തെ ഇംഎംഎസ് സർക്കാരിന്റെ അൻപതാം വാർഷികത്തിന് തന്റെ നേതൃത്വത്തിൽ തയാറാക്കിയ നാടകാവതരണത്തിന് പിന്നിൽ ധൂർത്തും അഴിമതിയും ആരോപിച്ചെന്നും പിരപ്പൻകോട് പറയുന്നു. നാടകാവതരണത്തിനായി ഓരോ സെക്രട്ടേറിയറ്റ് അംഗവും ഒരു ലക്ഷം രൂപ വീതം പിരിക്കണമെന്നു കടകംപള്ളി സുരേന്ദ്രനാണു നിർദേശിച്ചത്. എന്നാൽ ആനത്തലവട്ടം ആനന്ദൻ ഒരു ലക്ഷം രൂപയും ആനാവൂർ നാഗപ്പൻ മുപ്പതിനായിരം രൂപയും നൽകിയതൊഴിച്ചാൽ ഒരു സഖാവും ഒരു പൈസ പോലും പിരിച്ചു തന്നില്ല. ‘മലയപ്പുലയനും ഇഎംഎസും’ എന്ന ആ നാടകത്തെ ‘ഏത്തപ്പഴവും പോത്തിറച്ചിയും’ എന്ന പാരഡി പേരിട്ട് ജില്ലയിലെ ഒരു അഭിഭാഷകനായ നേതാവ് പരിഹസിച്ചെന്നും അദ്ദേഹം ആരോപിച്ചു.

പിന്തിരിപ്പിച്ചത് പിണറായി

വിഭാഗീയതയിൽ മനം നൊന്ത് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിച്ചെന്നും തന്നെ പിന്തിരിപ്പിച്ചത് അന്നു സെക്രട്ടറി ആയിരുന്ന പിണറായി വിജയനാണെന്നും വിഎസ് പക്ഷക്കാരനായ മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പിരപ്പൻകോട് മുരളി പറയുന്നു. പിണറായിയുമായി ആശയഭിന്നത ഉണ്ടായിരുന്നെങ്കിലും സൗഹാർദപൂർണമായാണ് അദ്ദേഹം ഇടപെട്ടിരുന്നതെന്നും പിരപ്പൻകോട് പറഞ്ഞു.

English Summary: Pirappancode Murali reveals inner politics of CPM in his autobiography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com