അന്യായ വില!; 10 ജില്ലകളിലെ ഭൂമി ന്യായവില തലസ്ഥാനത്തെക്കാൾ മേലെ

HIGHLIGHTS
  • ശാസ്ത്രീയ പരിഷ്കരണമില്ല, ജനത്തെ വലയ്ക്കും
land-representational-image
SHARE

തിരുവനന്തപുരം ∙ സെന്റിന് ഒരു കോടിയോളം രൂപ വിപണി വിലയുള്ള, തലസ്ഥാന ജില്ലയിലെ കണ്ണായ സ്ഥലത്തിനു സർക്കാർ നിശ്ചയിച്ചിരിക്കുന്ന ന്യായവില സെന്റിന് 10 ലക്ഷം രൂപ! ന്യായവിലയും വിപണി വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്നു സർക്കാർ തന്നെ സമ്മതിക്കുന്നതിനാൽ ഇതിൽ അതിശയമില്ല. എന്നാൽ, തൃശൂർ സ്വരാജ് ഗ്രൗണ്ടിനു സമീപം സെന്റിനു സർക്കാർ നിശ്ചയിച്ചിരിക്കുന്ന ന്യായവിലയാകട്ടെ ഒരു കോടി രൂപയും. തലസ്ഥാനത്തെക്കാൾ ഉയർന്ന ന്യായവിലയാണു വയനാട്ടിൽ: സെന്റൊന്നിന് 11 ലക്ഷം രൂപ!

10 ജില്ലകളിലെ ഉയർന്ന ന്യായവില തലസ്ഥാനത്തെ ഏറ്റവും ഉയർന്ന ന്യായവിലയെക്കാൾ അധികമായിട്ടും സർക്കാർ ഇതു കാണുന്നില്ല. ന്യായവില ഓരോ ബജറ്റിലും കൂട്ടി വരുമാനം ഉറപ്പാക്കുന്നതല്ലാതെ ഇതു ശാസ്ത്രീയമായി പരിഷ്കരിക്കാൻ സർക്കാർ തയാറായിട്ടില്ല. അതിനായി 2 തവണ സമിതികളെ നിയോഗിച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. കോടികൾ മുടക്കി ഭൂമി വാങ്ങുന്നവർക്കു ഭൂമി ഇടപാടു ചെലവിൽ വൻ ഇളവു ലഭിക്കുമ്പോൾ ന്യായവില വർധന കാരണം സാധാരണക്കാർക്ക് എപ്പോഴും അധികഭാരമാണ്.

സർക്കാർ 2010ൽ പ്രഖ്യാപിച്ച ന്യായവിലയിലെ അശാസ്ത്രീയത കാരണം ഒട്ടേറെ ഇടങ്ങളിൽ വിപണി വിലയെക്കാൾ ന്യായവില ഉയർന്നു നിൽക്കുന്നുമുണ്ട്. വിപണി വിലയുടെ പത്തിലൊന്നു മൂല്യം പോലും ന്യായവിലയ്ക്കില്ലാത്ത ഇടങ്ങളാണ് അതിലേറെ. ഇതിൽ വിപണി വിലയെക്കാൾ ന്യായവില ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളിൽ ഭൂമി വാങ്ങിയാൽ റജിസ്ട്രേഷൻ ചെലവ് ഏപ്രിൽ 1 മുതൽ കുതിച്ചുയരും. ബജറ്റിൽ ന്യായവില 20% വർധിപ്പിച്ചതിനാലാണിത്. 2010 ൽ തോന്നിയ പോലെ ന്യായവില നിശ്ചയിക്കുകയും പിന്നീട് അതിൻമേൽ പലപ്പോഴായി വർധന വരുത്തുകയുമാണു സർക്കാർ ചെയ്യുന്നത്. അടിസ്ഥാന ന്യായവില പരിഷ്കരിച്ചല്ലാതെ ഇൗ പ്രശ്നം പരിഹരിക്കാനാകില്ല.

13 വർഷം; 264% വിലവർധന 

2010 ൽ ഭൂമി ന്യായവില നിലവിൽ വന്ന ശേഷം ഇത് ആറാം തവണയാണു വർധന നടപ്പാക്കുന്നത്. 2014ൽ 50% വർധിപ്പിച്ചു. പിന്നീട് 10% ശതമാനം വീതം അടിക്കടി കൂട്ടി. 2010ലെ വിലയുടെ 220% ആണ് ഇപ്പോഴത്തെ ന്യായവില. അതിൻമേലാണ് 20% വർധന ഏപ്രിൽ 1 മുതൽ ചുമത്തുക. അപ്പോൾ 2010ലെ അടിസ്ഥാന വിലയുടെ 264% ആകും ന്യായവില. ഭൂമി ഇടപാടു സമയത്തു സ്റ്റാംപ് ഡ്യൂട്ടിയായി ന്യായവിലയുടെ 8 ശതമാനവും റജിസ്ട്രേഷൻ ഫീസായി 2 ശതമാനവും ആണ് ഇൗടാക്കുക. ഇപ്പോൾ 1,00,000 രൂപ ന്യായവിലയുള്ള ഭൂമിക്ക് ഏപ്രിലിൽ 1,20,000 രൂപയാകും. അതോടെ, ഇപ്പോൾ റജിസ്ട്രേഷന് 10,000 രൂപ ആകുന്ന സ്ഥാനത്ത് ഏപ്രിൽ മുതൽ 12,000 രൂപ വേണ്ടിവരും.

English Summary : Fair value of land in ten districts is more than Trivandrum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS