മദ്യം കടത്താനും ‘ഫ്രീയായി’ ടോൾ ഗേറ്റ് കടക്കാനും ‘കേരള സർക്കാർ’ ബോർഡ്; പിടിച്ചത് 145 വാഹനങ്ങൾ
Mail This Article
തിരുവനന്തപുരം ∙ ‘കേരള സർക്കാർ’ ബോർഡ് ദുരുപയോഗം ചെയ്തതിനു സർക്കാർ, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ 3 മാസത്തിനിടെ പിടിയിലായത് 145 വാഹനങ്ങൾ. ഏറ്റവും കൂടുതൽ കാറുകൾ സർക്കാർ ബോർഡ് വച്ചു കറങ്ങിയതിനു പിടിയിലായതു തിരുവനന്തപുരത്താണ്– 67. കണ്ണൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളാണു പിന്നിൽ. 14 കാറുകൾക്കെതിരെയുള്ള പരാതിയിൽ തിരുവനന്തപുരത്ത് അന്വേഷണം നടക്കുകയാണ്.
സർക്കാർ ബോർഡ് ദുരുപയോഗം സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയും മോട്ടർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മദ്യം കടത്താനും പണമടയ്ക്കാതെ ടോൾ ഗേറ്റ് കടക്കാനുമൊക്കെയാണു ചില വാഹനങ്ങൾ ഉപയോഗിച്ചതെന്നാണു വിവരം. പല വാഹനങ്ങളും പിടിച്ചതു റോഡ് നിയമങ്ങൾ ലംഘിച്ചപ്പോഴാണ്.
ജല അതോറിറ്റിയുടെ പേരിൽ വാടകയ്ക്കെടുത്ത വാഹനങ്ങൾ പോലും സർക്കാർ ബോർഡ് ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെടുത്തി മൂന്നു കത്തുകൾ ജലഅതോറിറ്റി എംഡിക്ക് ഗതാഗത കമ്മിഷണർ ആറു മാസത്തിനിടെ നൽകിയിരുന്നു.
ജലഅതോറിറ്റി അതു മുഖവിലയ്ക്കെടുത്തില്ല. തിരുവനന്തപുരത്തു മ്യൂസിയത്തിൽ നടക്കാനെത്തിയ യുവതിയെ ആക്രമിച്ചതും ജല അതോറിറ്റിയുടെ കേരള സർക്കാർ ബോർഡുള്ള കാറിൽ വന്നാണ്.
English Summary : Kerala government and private vehicles seized for exploting government board