ADVERTISEMENT

മുസ്‍ലിം ലീഗിന്റെ ചരിത്രം കോണിപ്പടി കയറിത്തുടങ്ങിയതു പാലക്കാട്ടെ ഗ്രാമത്തിൽ നിന്നാണ്; നഗരത്തിൽനിന്നു 15 കിലോമീറ്റർ അകലെയുള്ള പുതുനഗരത്തിൽനിന്ന്. സ്വതന്ത്ര ഇന്ത്യയിൽ മുസ്‍ലിം ലീഗ് നിലനിർത്താൻ തീരുമാനിച്ച ശേഷം ലീഗിന്റെ പതാക ആദ്യമായി ഉയർത്തിയതു പുതുനഗരം പള്ളി മൈതാനത്താണ്. 1947 ഡിസംബർ അവസാന വാരം. അന്നു മലബാറിന്റെ കീഴിലായിരുന്നു പാലക്കാട്. നൂറുകണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി അന്നു പതാക ഉയർത്തിയത് ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിന്റെ സ്ഥാപക പ്രസിഡന്റും കാൽ നൂറ്റാണ്ടുകാലം പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബാണ്.

സാഹിബിനെ ഒരു നോക്കു കണ്ട, ആ ഘനഗംഭീര ശബ്ദം കേട്ട ഒരാൾ ഇന്നും പുതുനഗരത്തുണ്ട്. പള്ളിത്തെരുവ് അബ്ദുൽ സലാം. 97–ാം വയസ്സിലും മുസ്‍ലിം ലീഗിൽ അംഗത്വമുള്ള പ്രവർത്തകൻ. 4 മാസം മുൻപു വരെ പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളിൽ ചുറുചുറുക്കോടെ പങ്കെടുത്ത അബ്ദുൽ സലാം ഇന്നു വീട്ടിൽ പൂർണവിശ്രമത്തിലാണ്.

1947ൽ, കേരളത്തിൽ മുസ്‍ലിം ലീഗ് ആരംഭിക്കുന്നതു സംബന്ധിച്ചു ചർച്ചചെയ്യാൻ പാലക്കാട് നഗരത്തിലാണു വേദി ഒരുക്കിയിരുന്നത്. പക്ഷേ, നഗരത്തിൽനിന്ന് 7 മൈൽ അകലെ മാത്രമേ സ്വീകരണ പരിപാടി നടത്താവൂവെന്ന് അന്നത്തെ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

സ്വീകരണ വേദി തങ്ങൾ ഒരുക്കാമെന്നു പുതുനഗരത്തുകാർ പറഞ്ഞു. പുതുനഗരം പള്ളിമൈതാനത്ത് ഇസ്മായിൽ സാഹിബിനെ കാണാനും പ്രസംഗം കേൾക്കാനും ജില്ലയിലെ വിവിധയിടങ്ങളിൽനിന്നു കാളവണ്ടിയിൽ ആളുകളെത്തിയതായി പുതുനഗരത്തെ പ്രാദേശിക ചരിത്രാന്വേഷകനും പഞ്ചായത്ത് അംഗവുമായ എ.വി.അബ്ദുൽ ജലീൽ പറയുന്നു. അന്നു സ്വാഗതം ആശംസിച്ചതും പുതുനഗരം സ്വദേശിയായിന്നു. പള്ളിമൊക്ക് സ്വദേശി പി.എ.ക്യു.മീരാൻ. റിട്ട. ജഡ്ജി കൂടിയായിരുന്നു അദ്ദേഹം.

English Summary: Muslim League history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com