സെക്രട്ടേറിയറ്റ് ജീവനക്കാരെ ‘സീറ്റിലിരുത്താൻ’ സെൻസർ വാതിൽ
Mail This Article
തിരുവനന്തപുരം∙ ജീവനക്കാർക്കു സെക്രട്ടേറിയറ്റിലേക്കു പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും ഏപ്രിൽ ഒന്നു മുതൽ ആക്സസ് കൺട്രോൾ സിസ്റ്റം നിലവിൽ വരും. ജീവനക്കാരെ സീറ്റിലിരുത്തി ജോലി ചെയ്യിക്കാനാണ് പുതിയ സംവിധാനം എന്നു സർക്കാർ വിശദീകരിക്കുന്നു. ഇതോടെ സെക്രട്ടേറിയറ്റിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കപ്പെടും.
പഞ്ച് ചെയ്ത ശേഷം അരമണിക്കൂറിലേറെ മാറി നിന്നാൽ ജീവനക്കാരുടെ ഹാജറിനെ ബാധിക്കും. ഉദ്യോഗസ്ഥരെ പൂർണമായും സെൻസർ വലയത്തിലാക്കുന്ന ആക്സസ് കൺട്രോൾ സിസ്റ്റത്തെ സിപിഎം അനുകൂല സംഘടനകൾ ഉൾപ്പെടെ എതിർത്തിരുന്നു. രാവിലെ ഓഫിസിൽ എത്തി പഞ്ച് ചെയ്തു മുങ്ങുന്നവരെ കയ്യോടെ പിടികൂടാനാണ് പുതിയ സംവിധാനം. ജീവനക്കാർ സെൻസർ അധിഷ്ഠിതമായ വാതിലിലൂടെ ഓഫിസിലേക്ക് കടക്കുമ്പോൾ ഹാജർ രേഖപ്പെടുത്തും. ഓഫിസിൽ നിന്ന് ഓരോ തവണ പുറത്തു പോകുമ്പോഴും സമയം രേഖപ്പെടുത്തും. മടങ്ങിയെത്താൻ അരമണിക്കൂറിലധികമായാൽ അവധിയായി കണക്കാക്കും.
ശമ്പള സോഫ്റ്റ്‍വെയറായ സ്പാർക്കുമായി ബന്ധിപ്പിച്ചായിരിക്കും അവധി ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തുക. 2 മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം ബയോമെട്രിക് ഹാജർ സംവിധാനവുമായി ബന്ധിപ്പിക്കും. ഭാവിയിൽ എല്ലാ സർക്കാർ ഓഫിസുകളിലേക്കും ഇതു വ്യാപിപ്പിക്കും. 1.97 കോടി രൂപയ്ക്കാണ് ഉപകരണങ്ങൾ വാങ്ങിയത്. കെൽട്രോണാണു നടത്തിപ്പുകാർ.
English Summary : Implementing access control system in Secretariat