ADVERTISEMENT

തിരുവനന്തപുരം ∙ ഭരണ–പ്രതിപക്ഷ സംഘർഷത്തിന് അയവില്ലാതെ വന്നതോടെ നിയമസഭാ സമ്മേളനം വളരെ നേരത്തെ പിരിഞ്ഞപ്പോൾ ലാഭനഷ്ടങ്ങൾ ആർക്ക്? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആ ചർച്ച സജീവം.

ഒരു പിടി വിവാദ വിഷയങ്ങൾ സഭയിൽ തിളച്ചുമറിയാൻ ഇടവരുന്നതിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞുവെന്നു സർക്കാരിനു കരുതാം. അതിനായി ബോധപൂർവം പ്രതിപക്ഷത്തിനു കെണി ഒരുക്കിയതാണെങ്കിൽ സർക്കാരിന് ഇതു നേട്ടമാണ്. വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന അക്രമണോത്സുകരായ പ്രതിപക്ഷമാണ് ഇതെന്നു തെളിയിക്കാൻ പ്രതിപക്ഷത്തിനായി. സാർഥക ചർച്ചകൾ നടക്കേണ്ട സഭാതലം പകരം തുടർച്ചയായി സംഘർഷങ്ങൾക്കു വേദിയായതു പൊതു സമൂഹത്തെ നിരാശപ്പെടുത്തുന്നതുമായി. ജനപ്രതിനിധികളായ നിയമസഭാംഗങ്ങളിലൂടെ അവിടെ ഉയരേണ്ട പലതും ഉന്നയിക്കപ്പെട്ടില്ല.

ഭരണപക്ഷം 

∙ നേട്ടം: ലൈഫ് മിഷൻ കേസ്, ബ്രഹ്മപുരം തുടങ്ങിയ വലിയ വിവാദങ്ങൾ സഭയിൽ സർക്കാരിനെ വേട്ടയാടേണ്ടതായിരുന്നു എങ്കിൽ അത് ഓരോ ദിവസത്തെ ചർച്ചകളിൽ ഒതുങ്ങി. ഇന്ധന സെസ് അടക്കമുള്ള ബജറ്റിലെ നികുതി നിർദേശങ്ങൾ സംബന്ധിച്ചു സഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്കു മറുപടി പറയേണ്ടി വന്നില്ല. സമാന്തര സഭയും സ്പീക്കറുടെ ഓഫിസ് ഉപരോധവും സഭയ്ക്കുള്ളിലെ സത്യഗ്രഹ പ്രഖ്യാപനവും കൂടി ആയതോടെ സഭ നടത്താൻ പ്രതിപക്ഷത്തിനാണു താൽപര്യമില്ലാത്തത് എന്ന പ്രചാരണം അഴിച്ചുവിടാനായി.

∙ കോട്ടം: പാർലമെന്റിൽ നരേന്ദ്രമോദി സർക്കാർ പ്രതിപക്ഷത്തെ നിശബ്ദരാക്കുന്ന അതേ സമീപനമാണു പിണറായി സർക്കാർ കേരള നിയമസഭയിലും അനുവർത്തിക്കുന്നതെന്ന വിമർശനം ശക്തമായി. പ്രതിപക്ഷ ശബ്ദത്തെ സഭയിൽ അവഗണിക്കുന്ന സർക്കാർ എന്ന പേരുദോഷം കേട്ടു. നിയമസഭയെ അഭിമുഖീകരിക്കാനും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മറുപടി പറയാനും മുഖ്യമന്ത്രി പിണറായി വിജയനു താൽപര്യമില്ലേ എന്ന ചോദ്യം ഉയർന്നു. നിഷ്പക്ഷതയും ഔന്നത്യവുമാണു സ്പീക്കർ പദവിയുടെ മുഖമുദ്ര എങ്കിൽ അതിനു പകരം സ്പീക്കർ സർക്കാരിനു തുടർച്ചയായി വിധേയപ്പെടുന്നോ എന്ന ചർച്ച ശക്തമായി. 

പ്രതിപക്ഷം 

∙ നേട്ടം: അടിയന്തരപ്രമേയ നോട്ടിസ് അവതരണം എന്നത് അവകാശമായി കണ്ടുകൊണ്ട് അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ സഭയ്ക്കുള്ളിൽ പൊരുതി. വൻ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തുന്ന അക്രമണോത്സുകത കാഴ്ചവച്ചു. പുറത്തു കത്തിക്കാളുന്ന ഓരോ വിവാദങ്ങളും സഭയിൽ കൊണ്ടുവരാൻ ശ്രമിച്ചു. അതു സഭ ചർച്ചയ്ക്കെടുത്ത അവസരങ്ങളിൽ സർക്കാരിനെ തുറന്നുകാട്ടി. അവതരണാനുമതി നിഷേധിക്കപ്പെട്ടപ്പോൾ പിന്നിലെ സർക്കാരിന്റെ അജൻഡ ഫലപ്രദമായി അവതരിപ്പിച്ചു. സമാന്തരസഭയും സ്പീക്കറുടെ ഓഫിസ് ഉപരോധവും എല്ലാം നടത്തിയിട്ടും ആർക്കുമെതിരെ സ്പീക്കറുടെ അച്ചടക്ക നടപടിക്കു പഴുതു കൊടുത്തില്ല. 

∙ കോട്ടം: കോൺഗ്രസിനും യുഡിഎഫിനും പുറത്തുളള ദൗർബല്യങ്ങൾ സഭയിൽ പ്രതിഫലിക്കാറില്ല എന്നതുകൊണ്ടു തന്നെ സഭാ സമ്മേളനം മുടങ്ങാതിരിക്കുന്നതായിരുന്നു പ്രതിപക്ഷത്തിനു രാഷ്ട്രീയമായി ഗുണകരം. സഭയെ സമരമുഖമാക്കുമ്പോഴും ഭരണപക്ഷം അനുരഞ്ജന നീക്കം നടത്തുമെന്ന പ്രതിപക്ഷ കണക്കൂകൂട്ടൽ പാളി. മുഖ്യമന്ത്രിയോ സ്പീക്കറോ അതിനു മുൻകൈ എടുക്കുമെന്ന പ്രതീക്ഷ സഫലമായില്ല.. സ്പീക്കറുടെ ഓഫിസ് ഉപരോധം പൊലീസ് കേസിൽ കലാശിക്കുമെന്നു പ്രതീക്ഷിച്ചില്ല. അതോടെ കേസ് പിൻവലിക്കാതെ സഭാ നടപടികളോടു സഹകരിക്കാനാവില്ല എന്ന തീവ്രനിലപാടു സ്വീകരിക്കേണ്ടി വന്നു.

ഇരുപക്ഷവും നേരിടുന്ന വിമർശനം

പൊതുജനാരോഗ്യ ബിൽ എന്ന ഒറ്റ അജൻഡ ബാക്കിയുള്ളതു കൊണ്ടു തന്നെ സഭ തുടരേണ്ടതായിരുന്നു. നേരത്തെ സഭ പരിഗണിച്ച ശേഷം പുറത്തു സിലക്ട് കമ്മിറ്റിക്കു വിട്ടത് ആ ബില്ലിന്റെ പ്രാധാന്യം കണക്കിലെടുത്താണ്. സഭയ്ക്കു പുറത്ത് അങ്ങനെ ഒരു ചർച്ചയും തെളിവെടുപ്പും നടന്ന ബിൽ തിരിച്ചു സഭയിൽ ചർച്ച കൂടാതെ പാസായി എന്നതു ഭാവിയിൽ വലിയ ന്യൂനതയായി വിമർശിക്കപ്പെടാം. ബജറ്റ് നികുതികൾക്കെതിരേ പുറത്തു പ്രതിപക്ഷം വലിയ സമരമുഖം തുറന്നതിന്റെ പ്രതിഫലനവും അതിന്റെ ഫലമായി ഇളവുകളും ജനം പ്രതീക്ഷിച്ചെങ്കിൽ അതൊന്നും ഉയർന്നതേയില്ല. നിയമസഭ ഒരു പോർമുഖമായി തുടർച്ചയായി മാറിയതോടെ ജനാധിപത്യപരമായ ചർച്ചകൾക്കും നിയമ നിർമാണങ്ങൾക്കും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ താൽപര്യമില്ലേ എന്ന ചോദ്യം ശക്തമായി. 

English Summary : Analysis on gain and setback due to guillotining of Kerala Assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com