ADVERTISEMENT

തിരുവനന്തപുരം ∙ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു നാളെ പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാഴായി. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കൽ അനിശ്ചിതമായി നീട്ടിവയ്ക്കുകയാണെന്നു ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 

ശമ്പളക്കമ്മിഷൻ ശുപാർശ പ്രകാരം 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 2021 മാർച്ചിൽ‌ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം വർധിപ്പിച്ചത്. 2019 ജൂലൈ മുതൽ 2021 മാർച്ച് വരെയുള്ള കുടിശിക 2023, 2024 വർഷങ്ങളിൽ ഏപ്രിൽ ഒന്നിനും ഒക്ടോബർ ഒന്നിനുമായി 4 തുല്യ ഗഡുക്കളായി പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. ഇതനുസരിച്ചുള്ള ആദ്യ ഗഡുവാണ് നാളെ കിട്ടേണ്ടിയിരുന്നത്. 

കുടിശിക ലയിപ്പിച്ചാൽ അടുത്ത മാസം ശമ്പളവും പെൻഷനും നൽകാൻ കഴിയില്ലെന്ന് ബുധനാഴ്ച ധനമന്ത്രിയും ധനസെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇൗ സാമ്പത്തിക വർഷത്തെക്കാൾ ഗുരുതര പ്രതിസന്ധിയാണ് അടുത്ത വർഷം സർക്കാരിനു മുന്നിലുള്ളതെന്നു ധനമന്ത്രി തന്നെ ഈയിടെ വ്യക്തമാക്കിയിരുന്നു. അതേസമയം, അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതിനാൽ ഭാഗികമായെങ്കിലും കുടിശികകൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണു ജീവനക്കാരും പെൻഷൻകാരും. 

പെൻഷൻ പരിഷ്കരണ കുടിശികയുടെ 2 ഗഡുക്കളും നൽകാനുണ്ട്. അവധി സറണ്ടർ തുക പണമായി നൽകാതെ പിഎഫിൽ ലയിപ്പിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു; 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. സർവകലാശാലാ, കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണ കുടിശികയും മരവിപ്പിച്ചിരിക്കുകയാണ്. 

English Summary: Pay revision arrears will not be given to government employees from april one

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com