ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ സോണ്ട ഇൻഫ്രാടെക്കിനു നൽകിയ കരാർ സർക്കാർ റദ്ദാക്കും. അടിയന്തരമായി ബയോമൈനിങ് നടത്താൻ റീടെൻഡർ വിളിക്കും. നിലവിലുള്ള കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും രണ്ടര മാസത്തിനകം പുതിയ കരാർ നൽകുമെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.

ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തെ തുടർന്നു നടത്തിയ പരിശോധനയിൽ ബയോമൈനിങ് ശരിയായ രീതിയിലല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. കരാർ കമ്പനി മാലിന്യം ശരിയായ രീതിയിൽ തരം തിരിച്ചിട്ടില്ല. ബയോമൈനിങ് നടത്തി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നീക്കം ചെയ്ത ശേഷം ബാക്കി വരുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർഡിഎഫ്) ബ്രഹ്മപുരത്തു നിന്ന് ഇതുവരെയും നീക്കിയിട്ടില്ല. 

ബ്രഹ്മപുരത്ത് ബയോമൈനിങ് നടത്താൻ 54 കോടി രൂപയ്ക്കാണു കോർപറേഷൻ സോണ്ടയ്ക്കു കരാർ നൽകിയത്. ഇതിനകം 10.5 കോടി രൂപയോളം കമ്പനിക്കു നൽകി. മതിയായ പ്രവൃത്തി പരിചയമില്ലാത്ത സോണ്ടയ്ക്കു ബയോമൈനിങ് കരാർ നൽകിയതു നേരത്തേ വിവാദമായിരുന്നു. പുതിയ കരാർ നൽകുന്നതിൽ താമസമുണ്ടായാൽ വകുപ്പു തലത്തിൽ ബയോമൈനിങ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. ബയോമൈനിങ് നടത്താൻ പൊതുമേഖല സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ നിന്നു സർക്കാർ സഹായം തേടിയിട്ടുണ്ട്. ബയോമൈനിങ് പൂർത്തിയാക്കാൻ ഇനിയും 9 മാസമെടുക്കും. 

തീപിടിത്തത്തെ തുടർന്ന് പ്ലാസ്റ്റിക് കത്തിയ ചാരവും മണ്ണും കൂടിക്കലർന്ന് ഏകദേശം 95,923 ടണ്ണുണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളത്. മൺസൂൺ മഴയിൽ ചാരം ഒലിച്ചിറങ്ങി പ്രദേശത്തെ ജലാശയങ്ങൾ വിഷമയമാക്കാൻ സാധ്യതയുള്ളതിനാൽ തൽക്കാലത്തേക്ക് ഈ ഭാഗം ശാസ്ത്രീയമായ രീതിയിൽ ‘ക്യാപ്പിങ്’ നടത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ സർക്കാരിന് അനുമതി നൽകി. മഴക്കാലത്തിനു ശേഷം ചാരം കലർന്ന ഈ മണ്ണിലെ മറ്റു വസ്തുക്കൾ നീക്കം ചെയ്ത ശേഷം ശാസ്ത്രീയമായി സംസ്കരിക്കും. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യത്തെ കത്തിയത്, പാതി കത്തിയത്, കത്താത്തത് എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണു സംസ്കരണ പ്രക്രിയ പൂർത്തിയാക്കുക. ഈ ജോലികളിൽ തദ്ദേശ വകുപ്പിനു പുറമേ ജലവിഭവ, പൊതുജനാരോഗ്യ വകുപ്പുകളെ കൂടി പങ്കാളികളാക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചു.

ഹൈവേ നിർമാണത്തിന് ബ്രഹ്മപുരത്തെ മണ്ണ് 

ബ്രഹ്മപുരത്തു ശാസ്ത്രീയമായി രീതിയിൽ ബയോമൈനിങ് നടത്തി വേർതിരിച്ചെടുക്കുന്ന മണ്ണ് ദേശീയപാത വികസനത്തിനുൾപ്പെടെ ഉപയോഗിക്കുമെന്നു സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. വിഷ പദാർഥങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ഈ മണ്ണ് താഴ്ന്ന സ്ഥലങ്ങൾ നികത്താനും മറ്റു നിർമാണ പദ്ധതികൾക്കും ഉപയോഗിക്കാനാകും. 

English Summary : Zonta infratech agreement may cancel on brahmapuram bio mining

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com