എസ്എഫ്ഐ ആൾമാറാട്ടം; വിശാഖിനു മത്സരിക്കാൻ കഴിയുമായിരുന്നില്ലെന്ന് റിട്ടേണിങ് ഓഫിസറുടെ മൊഴി

sfi-flag
ഫയൽ ചിത്രം.
SHARE

തിരുവനന്തപുരം ∙ കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യുയുസി പട്ടികയിൽ ആൾമാറാട്ടം നടത്തി കയറിക്കൂടിയ മുൻ എസ്എഫ്ഐ നേതാവ് വിശാഖിനു കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമായിരുന്നില്ലെന്നു റിട്ടേണിങ് ഓഫിസറുടെ മൊഴി. 

മത്സരിക്കുന്നതിന്റെ മാനദണ്ഡം തന്നോട് ചോദിച്ചിരുന്നതായും നിയമം അനുവദിക്കുന്നില്ലെന്നു വ്യക്തമാക്കിയിരുന്നതായും റിട്ടേണിങ് ഓഫിസർ കാട്ടാക്കട പൊലീസിനു മൊഴി നൽകിയതായാണു വിവരം. പ്രായപരിധി പിന്നിട്ടതായിരുന്നു പ്രധാന കാരണം. ഇന്നലെയും കോളജിൽ പരിശോധന നടത്തിയ പൊലീസ് പ്രിൻസിപ്പൽ, റിട്ടേണിങ് ഓഫിസർ എന്നിവരിൽനിന്നു കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചു. 

ആൾമാറാട്ടം നടത്തിയ ഒന്നാം വർഷ ബിഎസ്‌സി ഫിസിക്സ് വിദ്യാർഥി എ. വിശാഖിന്റെ അഡ്മിഷൻ റജിസ്റ്റർ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു.  വ്യാഴാഴ്ച കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫയലുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ പുതിയ കൗൺസിൽ രൂപീകരണം വരെയുള്ള എല്ലാ രേഖകളും പൊലീസ് കസ്റ്റഡിയിലാണ്. വിശാഖ് കോളജിൽ പ്രവേശനം നേടിയതു സംബന്ധിച്ച പരിശോധനയ്ക്ക് അഡ്മിഷൻ റജിസ്റ്റർ മൂന്നു ദിവസത്തിനകം ഹാജരാക്കാൻ പൊലീസ് പ്രിൻസിപ്പലിനു നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇന്നലെ എത്തി അഡ്മിഷൻ റജിസ്റ്ററും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

2022 നവംബർ 23നാണു തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ക്ലാസ് ഭാരവാഹി തിരഞ്ഞെടുപ്പ് നവംബർ 30നും കോളജ് യൂണിയൻ ഭാരവാഹി തിരഞ്ഞെടുപ്പ് ഡിസംബർ 5നും നടന്നു. ജനുവരി 4ന് പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത കൂട്ടത്തിൽ യുയുസി സ്ഥാനത്തേക്ക് എതിരില്ലാതെ ജയിച്ച അനഘയും ഉണ്ടായിരുന്നു. എന്നാൽ അനഘയെ ഒഴിവാക്കി പകരം വിശാഖിനെ ഉൾപ്പെടുത്തിയാണു പ്രിൻസിപ്പൽ ജി.ജെ.ഷൈജു സർവകലാശാലയ്ക്കു പട്ടിക അയച്ചത്.

അടുത്തിടെ സിപിഎം നടപടി നേരിട്ട എസ്എഫ്ഐ മുൻ ജില്ലാ ഭാരവാഹികൾ ഉൾപ്പെടുന്ന സംഘമാണു സർവകലാശാല യൂണിയൻ ചെയർമാനായി വിശാഖിനെ അവരോധിക്കാൻ കുറുക്കുവഴി തേടിയതെന്നാണു വിവരം. 2017– 2020 കാലത്ത് സംസ്കൃത കോളജിൽ ബിരുദ വിദ്യാർഥി ആയിരുന്നെങ്കിലും വിശാഖ് പഠനം പൂർത്തിയാക്കിയിരുന്നില്ല. അങ്ങനെയാണ് 23–ാം വയസ്സിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ഒന്നാം വർഷ ബിരുദ പ്രവേശനം നേടിയത്. 

പ്രായം മറച്ചുവച്ചു മത്സരിക്കാനുള്ള ശ്രമം റിട്ടേണിങ് ഓഫിസറുടെ കർശന നിലപാടിൽ നടക്കാതെ വന്നതോടെയാണ് ആൾമാറാട്ടത്തിനു പദ്ധതിയിട്ടത്.

English Summary: Investigation on Kattakada Christian college incident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA