ADVERTISEMENT

കോട്ടയം ∙ നാട്ടിലും വീട്ടിലും എല്ലാവർക്കും നല്ലതു മാത്രം പറയാനുണ്ടായിരുന്ന കാഞ്ഞിരം സ്വദേശിയായ യുവാവിന്റെ ഇടയ്ക്കിടെയുള്ള ബെംഗളൂരു യാത്രയിൽ ആദ്യം ആർക്കും പന്തികേടു തോന്നിയില്ല. പഠിത്തം കഴിഞ്ഞ പയ്യനല്ലേ ജോലി അന്വേഷിച്ചു പോകുന്നതാകുമെന്നാണു കരുതിയത്. എന്നാൽ ആഡംബര ബൈക്കുകൾ മാറിമാറി ഉപയോഗിക്കാൻ തുടങ്ങിയതോടെ പലർക്കും സംശയമായി. ഒടുവിൽ എംഡിഎംഎ പാക്കറ്റുമായി ബെംഗളൂരുവിൽ നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പൊലീസിന്റെ പിടിയിലായതോടെയാണ് ‘ഇടപാട്’ നാട്ടുകാർക്കും വീട്ടുകാർക്കും ബോധ്യപ്പെട്ടത്.

∙ നാട്ടിലെ ലഹരിക്കൂട്ടത്തെ ഭയന്നു സ്വന്തം മകനെ നാടുകടത്തിയ അവസ്ഥ പറയുകയാണ് തിരുവഞ്ചൂർ സ്വദേശിയായ വീട്ടമ്മ. ഭർത്താവിനു വിദേശത്താണു ജോലി. മകനും മകളും ഭർത്താവിന്റെ അമ്മയുമടങ്ങുന്നതാണു കുടുംബം. ബിരുദപഠനം പൂർത്തിയാക്കിയ മകൻ വൈകുന്നേരം ക്രിക്കറ്റ് കളിക്കു പോകാൻ തുടങ്ങിയതോടെയാണു പ്രശ്നങ്ങൾ ആരംഭിക്കുന്നത്. രാത്രി വൈകിയിട്ടും മടങ്ങി എത്താതിരുന്ന മകനെ അന്വേഷിച്ചു ചെല്ലുമ്പോൾ ബോധമില്ലാതെ പറമ്പിൽ കൂട്ടുകാർക്കൊപ്പം കിടക്കുന്നതാണു കണ്ടത്. പുറത്തു പോകുന്നതു തടയാൻ ശ്രമിച്ചാലോ ആവശ്യപ്പെടുന്ന പണം കൊടുത്തില്ലെങ്കിലോ വീട്ടിൽ ബഹളവും കലാപവുമായിരിക്കും. ഭർത്താവിനെ വിഷമിപ്പിക്കേണ്ടന്നു കരുതി ആദ്യം പറഞ്ഞില്ല. എന്നാൽ മകന്റെ കൂട്ടുകാർ വീട്ടിലെത്താൻ തുടങ്ങിയതോടെ ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. മകനെ കൗൺസലിങ്ങിനു വിധേയനാക്കി. നാട്ടിൽ നിന്നാൽ‌ വീണ്ടും പഴയ സുഹൃത്തുക്കളോടൊപ്പം ചേരുമോ എന്ന ഭയം കാരണം കഴിഞ്ഞ മാസം വിദേശത്തേക്ക് അയച്ചു.

∙ ലഹരിക്കടിമപ്പെട്ട നാലംഗ സംഘം നാടിന്റെ സമാധാനം കെടുത്തുന്ന കഥ പറയാനാണു ചിങ്ങവനം പന്നിമറ്റത്തു നിന്നു പൊതുപ്രവർത്തകൻ വിളിച്ചത്. ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പറമ്പിലും പുലർച്ചെ മുതൽ തമ്പടിക്കുന്ന സംഘം കഞ്ചാവും മദ്യപാനവും മാത്രമല്ല മാരക ലഹരിമരുന്നും വരെ ഉപയോഗിക്കുന്നുെവെന്നാണു പരാതി. ലഹരി മൂത്തു റോഡിലേക്കിറങ്ങുന്ന സംഘം എല്ലായിടത്തും കയറി അശ്ലീലം പറച്ചിലും ബഹളവുമാണ്. പൊലീസിൽ പരാതി നൽകിയാൽ സ്റ്റേഷനിലേക്കു കൊണ്ടുപോകുമെങ്കിലും അടുത്തദിവസം വീണ്ടും പുറത്തിറങ്ങും. നാട്ടിൽ കല്യാണമോ മറ്റു വിശേഷ പരിപാടികളോ നടക്കുന്നതിനിടെ അവിടെ കയറി അലമ്പുണ്ടാക്കുന്നതും ഇവരുടെ രീതിയാണ്. കഴിഞ്ഞമാസം നിർമിതി കോളനിയിലെ പൊതുകിണറ്റിൽ ഇറങ്ങിക്കുളിച്ചു. പൊലീസ് ഇവരെക്കൊണ്ടുതന്നെ കിണർ വൃത്തിയാക്കിച്ചു.

English Summary: Thiruvanchoor native lady says deported son afraid of drugs gang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com