ADVERTISEMENT

തിരുവനന്തപുരം ∙ ഗുരുതര സാമ്പത്തികപ്രതിസന്ധി മുന്നിൽ‌ക്കാണുന്ന സർക്കാരിനു വൻബാധ്യതയായി ജീവനക്കാരുടെ ഇൗ മാസത്തെ കൂട്ടവിരമിക്കൽ. ഇനിയുള്ള 2 ദിവസങ്ങളിൽ വിരമിക്കാനിരിക്കുന്നവർ കൂടി ഉൾപ്പെടെ പതിനായിരത്തോളം പേരാണ് ഈ മാസം പടിയിറങ്ങുന്നത്. ഇൗ വർഷം ആകെ വിരമിക്കുന്ന 21,537 പേരിൽ പകുതിയോളം പേർ ഒറ്റ മാസം കൊണ്ടു പടിയിറങ്ങുമ്പോൾ 1,000 കോടിയിലേറെ രൂപയാണു വിരമിക്കൽ ആനുകൂല്യമായി ഒറ്റയടിക്കു നൽകേണ്ടി വരിക. ഇതു കണക്കിലെടുത്ത് അടുത്തമാസം പൊതുവിപണിയിൽനിന്നു 2,000 കോടി രൂപയെങ്കിലും സർക്കാർ കടമെടുക്കും. 25 ലക്ഷം രൂപയ്ക്കു മേലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്.

ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പാക്കാനായി മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ വന്നത്. തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും വിരമിക്കൽ ആനുകൂല്യമായി നൽകേണ്ടിവരിക. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണു പെൻഷൻ ആനുകൂല്യങ്ങൾ. എത്ര സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും പെൻഷൻ ആനൂകൂല്യങ്ങൾ സർക്കാർ പിടിച്ചുവയ്ക്കാറില്ല.

വിരമിക്കൽ വഴിയുള്ള പതിനായിരത്തോളം ഒഴിവുകൾ നികത്താൻ പക്ഷേ, സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മറ്റന്നാൾ സ്കൂൾ തുറക്കാനിരിക്കെ പലയിടത്തും വിരമിച്ചവർക്കു പകരമായി താൽക്കാലിക അധ്യാപകരെയാണു നിയമിക്കുന്നത്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതാണു കാരണം. ഇതു കാരണം ഒട്ടേറെപ്പേരാണ് റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയാകും മുൻപ് ജോലിയിൽ കയറാനാകാതെ തള്ളപ്പെടുന്നത്.

1.67 ലക്ഷം പേർക്ക് പെൻഷൻ പ്രായം 60

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാരിൽ 60 വയസ്സു പെൻഷൻ പ്രായമായി ഉയർത്തിക്കിട്ടിയവർ 1.67 ലക്ഷം പേരായി. പങ്കാളിത്തപെൻഷൻ പദ്ധതിക്കു കീഴിലുളളവരാണിത്. ആകെ 5.25 ലക്ഷം സർക്കാർ ജീവനക്കാരാണു കേരളത്തിലുള്ളത്. 2013ലാണു സംസ്ഥാനത്തു പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. താൽക്കാലിക ജീവനക്കാരായി നിയമിച്ചശേഷം പിന്നീടു സ്ഥിരനിയമനം നേടിയ ഇരുനൂറോളം പേർ പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചിട്ടുണ്ട്. സർവീസ് കാലാവധി കുറവായതിനാൽ ഇതിൽ പലർക്കും 2000 രൂപയിൽ താഴെയാണ് പ്രതിമാസം പെൻഷൻ ലഭിക്കുന്നത്.

English Summary: Mass staff retirement from Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com