കോട്ടയം ∙ സ്കൂൾ വിദ്യാർഥിനിക്ക് വൃക്ക ദാനം ചെയ്ത അധ്യാപികയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചെന്ന കേസിൽ സഹപ്രവർത്തകയ്ക്ക് 2 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പാറമ്പുഴ സ്കൂളിലെ കായിക അധ്യാപികയായ മാന്നാനം സ്വദേശിനി മിനി മാത്യുവാണ് കേസ് നൽകിയത്. മുട്ടമ്പലം സ്വദേശിനി രാജി ചന്ദ്രനെയാണ് കുറ്റക്കാരിയായി കണ്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ( കോടതി – 2) ടിയാര റോസ് മേരി ശിക്ഷ വിധിച്ചത്.
മിനിയും രാജി ചന്ദ്രനും ഓൾ ഇന്ത്യ സിറ്റിസൻസ് വിജിലൻസ് കമ്മിറ്റി എന്ന സംഘടനയിലെ പ്രവർത്തകരായിരുന്നു. മിനി 2014 ലാണ് വൃക്ക ദാനം ചെയ്തത്. എന്നാൽ ദാനം ചെയ്തിട്ടില്ലെന്നും പണപ്പിരിവ് നടത്തി ആളുകളെ മിനി വഞ്ചിക്കുകയാണെന്നും രാജി പ്രചരിപ്പിച്ചതായാണ് കേസ്. വാദിക്കു വേണ്ടി അഡ്വ. സി.എസ്. അജയൻ, അഡ്വ. ലിജോ കുര്യൻ ജോസ് എന്നിവർ ഹാജരായി.
English Summary: 2 years imprisonment for colleague who slandered the teacher