മുടി നീട്ടിവളർത്തിയ കുട്ടിക്കു സ്കൂളിൽ പ്രവേശനം നൽകിയില്ലെന്നു പരാതി
Mail This Article
തിരൂർ ∙ മുടി നീട്ടിവളർത്തിയതിനു കുട്ടിക്കു സ്കൂളിൽ പ്രവേശനം നൽകിയില്ലെന്നു പരാതി. തിരൂരിലെ സ്വകാര്യ സിബിഎസ്ഇ സ്കൂളിനെതിരെയാണു ചൈൽഡ്‌ലൈനിൽ പരാതിയെത്തിയത്. ഇരിങ്ങാവൂർ സ്വദേശിയുടെ മകനെ കെജി വിഭാഗത്തിൽ ചേർക്കുന്നതിനു വേണ്ടി ബന്ധപ്പെട്ടപ്പോഴാണു നീട്ടിവളർത്തിയ മുടി പ്രശ്നമായതെന്നു ബന്ധുക്കൾ പറഞ്ഞു. കുട്ടിക്ക് 5 വയസ്സാണു പ്രായം. ഒരു വർഷമായി മുടി നീട്ടി വളർത്തുന്നു. കാൻസർ രോഗികൾക്കു മുറിച്ചു നൽകുകയാണു ലക്ഷ്യം. ആവശ്യമായ നീളമെത്താൻ ഒരു വർഷം കൂടി വളർത്തേണ്ടതുണ്ട്.
ഇക്കാര്യവും, മുറിച്ചു കഴിഞ്ഞാൽ സാധാരണ രീതിയിൽ മുടി നിലനിർത്താമെന്നും അറിയിച്ചിട്ടും സ്കൂൾ അധികൃതർ പ്രവേശനം നൽകിയില്ലെന്നാണു കുട്ടിയുടെ ബന്ധുക്കളുടെ പരാതി. ഒരു തവണ ഫോണിലും 2 തവണ നേരിട്ടു സ്കൂളിലെത്തിയും കുട്ടികളുടെ മാതാവും ബന്ധുക്കളും പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കുട്ടിയെ മറ്റു കുട്ടികളുടെ മുന്നിൽവച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന് അമ്മാവൻ കെ.ഷബീർ പറഞ്ഞു. അതേസമയം, പ്രവേശനം നിഷേധിച്ചുവെന്നു പറയുന്നത് അവാസ്തവമാണെന്നു സ്കൂൾ അധികൃതർ ചൈൽഡ്‌ലൈനിനു മറുപടി നൽകി. മുടി നീട്ടിവളർത്തുന്നതു സ്കൂളിനും മറ്റു കുട്ടികൾക്കും അസൗകര്യമാകുമെന്നു രക്ഷിതാക്കളെ അറിയിച്ചിരുന്നു. കുട്ടിയെ ഏഴൂർ ഗവ. സ്കൂളിൽ ചേർത്തു.
English Summary: Complaint that child with long hair was not admitted to school