കസ്റ്റഡി മർദനം: 7 പൊലീസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്ന് കോടതി

 Custodial torture
SHARE

ആലപ്പുഴ ∙ ഹർത്താൽ ദിനത്തിൽ ബസിനു കല്ലെറിഞ്ഞെന്ന് ആരോപിച്ചു യുവാവിനെ ലോക്കപ്പിൽ മർദിച്ചെന്ന കേസിൽ പ്രതികളായ ഡിവൈഎസ്പി ഉൾപ്പെടെ 7 പൊലീസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താൻ കോടതി നിർദേശം. പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരും സ്വാധീനം ചെലുത്താൻ കഴിയുന്നവരുമാണെന്നതിനാലാണ് കടുത്ത വകുപ്പുകൾ ചേർത്ത് അന്വേഷണം ഊർജിതമാക്കാൻ ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) ഉത്തരവിട്ടത്.

കുമാരപുരം താമല്ലാക്കൽ കന്നേപ്പറമ്പ് വീട്ടിൽ അരുൺ ശിവാനന്ദനാണ് (36) 2017 ഒക്ടോബർ 16നു ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ മർദനമേറ്റെന്നു പരാതിപ്പെട്ടത്. അന്നു ഹരിപ്പാട് സിഐയും ഇപ്പോൾ മലപ്പുറത്തു ഡിവൈഎസ്പിയുമായ ടി.മനോജ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം. ആലപ്പുഴ നർകോട്ടിക് സെൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അരുണിന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് ആദ്യം തയാറായിരുന്നില്ല. ഹൈക്കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്.

ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കെതിരായ കേസ് ആദ്യം അന്വേഷിച്ചത് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. പരാതിയെ തുടർന്നു നർകോട്ടിക് സെൽ ഡിവൈഎസ്പിക്കു കൈമാറി. പക്ഷേ, ഈ ഉദ്യോഗസ്ഥന് ഒരാഴ്ചയ്ക്കകം സ്ഥലംമാറ്റമായി. പകരം വന്ന ഡിവൈഎസ്പി വൈകാതെ അവധിയിൽ പോകുകയും ചെയ്തു.

കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് അരുണിനെ വീട്ടിൽനിന്നു കൊണ്ടുപോയത്. മർദനത്തിൽ നട്ടെല്ലിന് ഉൾപ്പെടെ പരുക്കേറ്റെന്നും ചികിത്സ വൈകിക്കാൻ ശ്രമിച്ചെന്നും അരുണിന്റെ പരാതിയിൽ പറയുന്നു.പ്രതികളിൽ ഒരാൾ പൊലീസ് അസോസിയേഷൻ നേതാവാണെന്നും ഇപ്പോഴും ഹരിപ്പാട് സ്റ്റേഷനിൽ ജോലി ചെയ്യുകയാണെന്നും കേസ് അട്ടിമറിക്കുമെന്നു സംശയമുണ്ടെന്നും കാണിച്ച് അരുൺ ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.

English Summary: Custodial torture: Court orders to impose non-bailable section against 7 police officers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS