പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ്: ക്രമക്കേടിന്റെ സൂചന നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട്
Mail This Article
കൊച്ചി ∙ പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ അടങ്ങിയ പാക്കറ്റുകളിൽ കേടുവരുത്തിയിട്ടുണ്ടെന്നും 4 ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോർട്ട്. നാലാം നമ്പർ മേശയിൽ െകെകാര്യം ചെയ്ത അസാധുവായ തപാൽ വോട്ടുകളുടെ രണ്ടു പാക്കറ്റുകളിൽ ഒന്നിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി നരേന്ദ്ര എൻ.ബുട്ടോലിയ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിൽ രേഖകൾ സുരക്ഷിതമല്ലാത്ത രീതിയിൽ വച്ചതിന്റെ ഉത്തരവാദിത്തം മലപ്പുറം കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർ ഓഫിസിലെ സീനിയർ ഇൻസ്പെക്ടർ സി.എൻ.പ്രതീഷ്, ജോയിന്റ് റജിസ്ട്രാർ എസ്.എൻ.പ്രഭിത്ത്, പെരിന്തൽമണ്ണ സീനിയർ അക്കൗണ്ടന്റ് ആൻഡ് സബ് ട്രഷറർ എസ്.രാജീവ്, സബ് ട്രഷറി ഓഫിസർ എൻ.സതീഷ്കുമാർ എന്നിവർക്കാണെന്നും റിപ്പോർട്ടിലുണ്ട്. ഇവരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണു പ്രശ്നമായത്. 5 ാം നമ്പർ മേശയിൽ എണ്ണിയ സാധുവായ 482 വോട്ടുകളുടെ കെട്ട് കണ്ടെത്താനായിട്ടില്ല എന്നത് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പെരിന്തൽമണ്ണയിൽ നിന്ന് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്തതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എതിർ സ്ഥാനാർഥി കെ.പി.മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമാണു തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് നൽകിയത്. ഹർജി ജസ്റ്റിസ് എ.ബദറുദ്ദീൻ 8 ന് പരിഗണിക്കും.
English Summary: Perinthalmanna Election: Election commission report hints at irregularities