കാലവർഷം പ്രഖ്യാപനം ഇന്നു വന്നേക്കും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷത്തിന്റെ വരവ് സംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. രണ്ടു ദിവസമായി ലഭിക്കുന്ന മഴയുടെ കണക്ക് അധികൃതർ വിലയിരുത്തി വരികയാണ്. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ വരവ് പ്രഖ്യാപിക്കാനുള്ള വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷമാകും നടപടി. അതേസമയം, അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വരുംദിവസങ്ങളിൽ ചുഴലിക്കാറ്റ് വടക്കുദിശയിലേക്കു സഞ്ചരിക്കും. ഇതു കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. ചുഴലിക്കാറ്റിന്റെ വരവാണ് കേരളത്തിലേക്കുള്ള കാലവർഷത്തിന്റെ മുന്നേറ്റത്തെ ദുർബലമാക്കിയതെന്ന് വിവിധ കാലാവസ്ഥാ ഏജൻസികൾ വിലയിരുത്തിയിട്ടുണ്ട്. കറാച്ചി തീരത്തേക്കോ ഒമാൻ തീരത്തേക്കോ നീങ്ങി ഏതാനും ദിവസങ്ങൾക്കകം ഇതു ദുർബലമാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 10നും 11നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ കേരളത്തിൽ ഇത്തവണ കൂടുതൽ മഴ പെയ്യുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നേരത്തേയുള്ള പ്രവചനം. കഴിഞ്ഞ ഏതാനും വർഷങ്ങളിലേതു പോലെ ജൂണിൽ മെല്ലെ പെയ്ത്, ജൂലൈയിൽ ശക്തിയാർജിച്ച് ഓഗസ്റ്റോടെ കനത്ത മഴ ലഭിക്കുന്ന തരത്തിലാകും ഇത്തവണയും കാലവർഷത്തിന്റെ രീതി.
English Summary : Cyclone Biporjoy is very intense