ADVERTISEMENT

 ആലപ്പുഴ∙ സർക്കാർ സർവീസിൽ ആശ്രിത നിയമനം ലഭിക്കുന്നവർ മറ്റ് ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ 25% പിടിച്ചെടുത്ത് അവർക്കു നൽകണമെന്ന നിയമഭേദഗതി നിർദേശത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം. അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു മുഖ്യമന്ത്രി ഫയൽ അയച്ചു. ഫയലിൽ ആദ്യം മുഖ്യമന്ത്രി ഒപ്പിട്ടിട്ട് ഇന്നലെ ഒരു വർഷം പൂർത്തിയായി. അതിനിടെ ഫയൽ പൂഴ്ത്താനുള്ള ശ്രമമുണ്ടായെന്ന് ആക്ഷേപമുയർന്നിരുന്നു. 25% ശമ്പളം പിടിച്ചെടുക്കുന്നതിനോട് ആശ്രിത നിയമനം വഴി ജോലി ലഭിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിയ ചില ഉദ്യോഗസ്ഥർക്കു യോജിപ്പില്ലായിരുന്നു. എന്നാൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉറച്ച നിലപാടെടുത്തതോടെ ഫയൽ വീണ്ടും പരിഗണനയ്ക്ക് എത്തി. 

2018 ഫെബ്രുവരി 21നാണ് ആശ്രിത നിയമനം സംബന്ധിച്ച നിയമം ആദ്യമായി ഭേദഗതി ചെയ്തത്. ഇങ്ങനെ നിയമിതരാകുന്നവർ ആശ്രിതരെ സംരക്ഷിക്കുമെന്ന സത്യവാങ്മൂലം നൽകണമെന്നായിരുന്നു ആദ്യ നിർദേശം. ആലപ്പുഴ കലക്ടറേറ്റിലെ സീനിയർ ക്ലാർക്കായിരുന്ന കെ.ചന്ദ്രദാസാണ് ഇതു സംബന്ധിച്ച നി‍ർദേശം അന്നു കലക്ടറായിരുന്ന ടി.വി.അനുപമ മുഖേന ഉദ്യോഗസ്ഥ– ഭരണ പരിഷ്കാര വകുപ്പിനു കൈമാറിയത്. അതു സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. സത്യവാങ്മൂലം ലംഘിക്കുന്നവരിൽ നിന്ന് 20 % ശമ്പളം പിടിച്ചെടുത്ത് ആശ്രിതർക്ക് നൽകണമെന്ന ഭേദഗതിയും ചന്ദ്രദാസ് തന്നെയാണു സർക്കാരിനു സമർപ്പിച്ചത്. ധനകാര്യ–നിയമ വകുപ്പുകളുടെ ഉപദേശം കൂടി തേടിയ ശേഷം 25% ശമ്പളം പിടിച്ചെടുക്കാൻ നിർദേശിച്ചു സർക്കാർ കരടു തയാറാക്കി. 

ഉൾപ്പെടുത്തിയ മറ്റു വ്യവസ്ഥകൾ: ജീവനക്കാരൻ ശൂന്യവേതന അവധിയിലാണെങ്കിൽ ശമ്പളത്തിൽ നിന്നു പിടിച്ചെടുക്കേണ്ട തുക മുൻകൂറായി പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടിൽ കെട്ടിവയ്ക്കണം , പരാതി ലഭിച്ചാൽ അന്വേഷിക്കേണ്ട ഉത്തരവാദിത്തം തഹസി‍ൽദാർക്കും അപ്പീൽ അധികാരി കലക്ടറുമായിരിക്കും, സംരക്ഷിതർക്കുള്ള തുക ശമ്പളത്തിൽ നിന്നു പിടിക്കുന്നതിനുള്ള സമ്മതപത്രം നിയമനം ലഭിക്കുമ്പോൾ തന്നെ ജീവനക്കാരൻ നൽകണം. 

English Summary : Twenty five percentage salary garnishment of dependent hires who do not protect dependents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com