ADVERTISEMENT

കണ്ണൂർ ∙ പയ്യന്നൂർ കോളജ് അധ്യാപിക ഡോ. പി.പ്രജിതയുടെ കാർ 7 വർഷം മുൻപു കത്തിനശിച്ച കേസിന്റെ അന്വേഷണം, കെ.വിദ്യയടക്കമുള്ളവരെ രക്ഷിച്ചെടുക്കാൻ സിപിഎമ്മിന്റെ ചില ഉന്നതനേതാക്കൾ ഇടപെട്ട് അട്ടിമറിച്ചെന്ന ആരോപണവുമായി കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസും. 

‘കെ.വിദ്യ അക്കാലത്തു ഡിഗ്രിക്കു പയ്യന്നൂർ കോളജിൽ പഠിച്ചിരുന്നു. ഇന്റേണലിനു പത്തിൽ പത്തു മാർക്കും വേണമെന്ന വിദ്യയുടെ ആവശ്യം പ്രജിത നിരസിച്ചു. പത്തിൽ 8 മാർക്ക് നൽകി. വിദ്യയ്ക്കു വേണ്ടി കോളജിലെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ അധ്യാപികയുമായി തർക്കത്തിലേർപ്പെട്ടു. പിറ്റേന്നു പ്രജിതയുടെ കാർ ചിലർ തകർക്കുകയും അതിനടുത്ത ദിവസം കത്തിക്കുകയും ചെയ്തു. ഇതേ കോളജിലെ മറ്റൊരു അധ്യാപകനായ ഉണ്ണിയുടെ കാറും തൊട്ടടുത്ത ദിവസം ചിലർ കത്തിച്ചു. 2 അധ്യാപകരും കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ പ്രവർത്തകരാണ്. 

 തെളിവില്ലെന്നു പറഞ്ഞ്, പയ്യന്നൂർ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. വിദ്യ ഉൾപ്പെടെയുള്ളവർ പ്രതിക്കൂട്ടിലാവുമെന്നതിനാൽ ചില ഉന്നത സിപിഎം നേതാക്കൾ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുകയാണു ചെയ്തത്. ഇനിയതു തെളിയാനും പോകുന്നില്ല’ – മാർട്ടിൻ ജോർജും മുഹമ്മദ് ഷമ്മാസും ആരോപിച്ചു.

∙ കെ.വിദ്യ എസ്എഫ്ഐ നേതാവല്ല. അവർക്കു സിപിഎം ഒരു സഹായവും ചെയ്തിട്ടില്ല. വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നില്ല. ഭാരവാഹിത്വവും ഉണ്ടായിരുന്നില്ല. മഹാരാജാസ് കോളജിൽ നടന്നതു സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ജോലി നേടാൻ വിദ്യ തെറ്റായ വഴിയാണു സ്വീകരിച്ചത്. - ഇ.പി.ജയരാജൻ, എൽഡിഎഫ് കൺവീനർ

∙ കെ.വിദ്യയ്ക്കു മറ്റാരുടെയോ പിൻബലമുണ്ട്. കേസ് അന്വേഷണം സുതാര്യവും സത്യസന്ധവുമല്ല. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നൊക്കെ കേട്ടാൽ പൊലീസ് മാറിനിൽക്കുകയാണ്. ഒരന്വേഷണവും നടക്കുന്നില്ല. - കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്

∙ ലക്ഷണമൊത്ത ഭീകരസംഘമായി കേരളത്തിൽ എസ്എഫ്ഐ മാറി. കൊടുംക്രിമിനലുകളാണ് ആ സംഘടനയെ നയിക്കുന്നത്. കെ.വിദ്യയെ തള്ളിപ്പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനാണു സിപിഎം ശ്രമം. - കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്

∙ കെ.വിദ്യ വ്യാജരേഖ ചമച്ചതിൽ എസ്എഫ്ഐക്ക് പങ്കാളിത്തം ഉണ്ടോയെന്നു പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. വ്യാജരേഖ സൃഷ്ടിച്ചതിൽ കോളജിനു പങ്കാളിത്തം ഇല്ല. വിദ്യ തെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. പി.എം.ആർഷോ എഴുതാത്ത പരീക്ഷ ജയിച്ച സംഭവത്തിൽ അയാൾ തെറ്റുകാരൻ അല്ലെന്നാണ് മനസ്സിലാക്കുന്നത്. -  മന്ത്രി ആർ.ബിന്ദു

∙ കെ.വിദ്യ, പഠിക്കുന്ന കാലത്ത് എപ്പോഴോ എസ്എഫ്ഐക്കാരി ആയിരുന്നു. അവർ ചെയ്ത കുറ്റം എസ്എഫ്ഐയുടെ തലയിൽ കെട്ടിവയ്ക്കുന്നത് അംഗീകരിക്കാനാവില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്കെതിരെ പ്രചരിപ്പിക്കുന്നതെല്ലാം അസംബന്ധങ്ങളാണ്. - മന്ത്രി എം.ബി.രാജേഷ്

English Summary : Teacher's car burning case was overturned to save Vidya and others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com