ജനസംഖ്യ നിയന്ത്രിച്ചതിന് കേരളത്തിന് നഷ്ടം വർഷം 8,000 കോടി; അവഗണന തുടർന്ന് കേന്ദ്രം
Mail This Article
തിരുവനന്തപുരം ∙ ജനസംഖ്യാ വളർച്ചാനിരക്കു കുറച്ചതിന്റെ പേരിൽ കേരളം അഭിമാനം കൊള്ളുമ്പോഴും അതിനു കൊടുക്കേണ്ടി വരുന്ന വില വർഷം 8,000 കോടിയിലേറെ രൂപ. കഴിഞ്ഞ വർഷം മുതലാണു വർഷം ഏതാണ്ട് 8,000 കോടി രൂപ കേന്ദ്ര നികുതിവിഹിതത്തിൽ നിന്നു കേരളത്തിനു നഷ്ടപ്പെടുന്നത്. കുടുംബാസൂത്രണം വളരെ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിനു കൂടുതൽ പരിഗണന നൽകേണ്ടതിനു പകരം അവഗണന കാട്ടുന്നതിനെതിരെ പലവട്ടം കത്തെഴുതിയിട്ടും കേന്ദ്രം നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.
െസസ്, സർചാർജ് എന്നിവ ഒഴികെ കേന്ദ്രം പിരിക്കുന്ന നികുതികളുടെയെല്ലാം 41% തുക സംസ്ഥാനങ്ങൾക്കു കേന്ദ്രം വീതിച്ചു നൽകുന്നുണ്ട്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇൗ തുക സംസ്ഥാനങ്ങൾക്കു വിഭജിക്കുന്നത്. ജനസംഖ്യാ വളർച്ചാനിരക്കാണ് ഒരു മാനദണ്ഡം. 1971ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു 2 വർഷം മുൻപു വരെ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വീതിച്ചിരുന്നത്. കാരണം 1971നു ശേഷമാണു ജനസംഖ്യ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ കുടുംബാസൂത്രണ നയം വന്നത്. ഇതിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു 2 വർഷം മുൻപു വരെ 1971ലെ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ നികുതി വരുമാനം വീതിച്ചിരുന്നത്.
എന്നാൽ, 15–ാം ധനകാര്യ കമ്മിഷൻ 2011ലെ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു വിഹിതം നൽകിയാൽ മതിയെന്നു നിർദേശിച്ചതു കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു വലിയ തിരിച്ചടിയായി. മുൻപു ജനസംഖ്യയുടെ 3.9% ആയിരുന്നു കേരളം. എന്നാൽ, 2011ൽ ഇത് 2.8 ശതമാനമായി കുറഞ്ഞു. പ്രതിശീർഷ വരുമാനത്തിൽ മുൻനിരയിലെത്തിയതും ഫലത്തിൽ കേരളത്തിനു തിരിച്ചടിയായി. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.5% നികുതി വിഹിതമായി കിട്ടിയിരുന്നത് 1.9 ശതമാനമായാണ് ഇപ്പോൾ വെട്ടിക്കുറച്ചത്. പകരം ജനസംഖ്യ നിയന്ത്രിക്കുന്നതിൽ കാര്യമായി പങ്കുവഹിക്കാത്ത പല സംസ്ഥാനങ്ങൾക്കും നികുതി വിഹിതം കൂടുകയും ചെയ്തു.
English Summary : Eight thousand crores lose per year for Kerala on Population control