കരുവന്നൂർ: മാഞ്ഞുപോയ ക്രൈംബ്രാഞ്ച്
Mail This Article
തൃശൂർ ∙ കരുവന്നൂർ കേസിൽ ഇ.ഡിയുടെ അന്വേഷണം കോളിളക്കമുണ്ടാക്കുമ്പോൾ ആദ്യത്തെ അന്വേഷണ ഏജൻസിയായ സംസ്ഥാന ക്രൈം ബ്രാഞ്ച് ചിത്രത്തിലില്ലാത്ത നിലയിൽ. 2 വർഷത്തോളം അന്വേഷിച്ചെങ്കിലും കേസിൽ കുറ്റപത്രം പോലും സമർപ്പിക്കാനാകാതെ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു. തങ്ങൾ പിടിച്ചെടുത്ത രേഖകളിലേറെയും ഇ.ഡിക്കു നൽകേണ്ടിവന്നതാണ് അന്വേഷണം നിലയ്ക്കാനുള്ള കാരണമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇത്രനാൾ അന്വേഷിച്ചിട്ടും കരുവന്നൂർ ബാങ്കിനു പുറത്ത് ഒരാളെപ്പോലും പിടികൂടാനോ പാർട്ടി നേതാക്കന്മാരിലേക്ക് അന്വേഷണമെത്തിക്കാനോ ക്രൈംബ്രാഞ്ചിനായില്ല.
കരുവന്നൂർ സഹകരണ ബാങ്കിനുള്ളിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് ആദ്യം അന്വേഷിച്ചതും കേസെടുത്തതും ഇരിങ്ങാലക്കുട പൊലീസ് ആണ്. തട്ടിപ്പിന്റെ വ്യാപ്തി 300 കോടി കടക്കുമെന്നായപ്പോഴാണ് 2021 ഓഗസ്റ്റിൽ ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ബാങ്ക് സെക്രട്ടറി അടക്കം ജീവനക്കാരെ മാത്രമാണ് ആദ്യം പ്രതി ചേർത്തതും അറസ്റ്റ് ചെയ്തതും. ഒച്ചപ്പാടുയർന്നപ്പോഴാണു ബാങ്ക് ഭരണസമിതിയെ കൂടി പ്രതി ചേർത്തതും വൈകിയാണെങ്കിലും അറസ്റ്റ് ചെയ്തതും. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം, 2 ഏരിയ സെക്രട്ടറിമാർ, ഒന്നിലേറെ ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കടക്കം തട്ടിപ്പിൽ പങ്കുണ്ടെന്ന് അന്നേ ഭരണസമിതി അംഗങ്ങൾ ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തി. എന്നാൽ, ഈ വഴിക്കൊന്നും അന്വേഷണം നീങ്ങിയില്ല.
ഇ.ഡി അന്വേഷണം തുടങ്ങിയപ്പോൾ മാത്രമാണു കരുവന്നൂർ ബാങ്കിനു പുറത്തേക്ക് അന്വേഷണം നീണ്ടത്. കോടികളുടെ കള്ളപ്പണം കരുവന്നൂർ അടക്കമുള്ള ഏതാനും സഹകരണ ബാങ്കുകളിലെത്തിച്ചു വിദഗ്ധമായി വെളുപ്പിച്ചിരുന്നുവെന്നു പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇ.ഡി കണ്ടെത്തി. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അറസ്റ്റിന്റെ വക്കിലെത്തിയില്ല. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉൾപ്പെടെ 23 പേർ മാത്രം പ്രതികൾ എന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുമ്പോഴേക്കും ഇ.ഡി എത്തി രേഖകൾ കൈപ്പറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ അനൗദ്യോഗിക വിശദീകരണം.
English Summary : Karuvannur bank scam case : crime branch could not submit charge sheet