‘ഇന്ത്യ മുന്നണി’ അല്ല, ‘ബ്ലോക്ക്’ എന്നു സിപിഎം; എതിർപ്പുമായി കേരള ഘടകം

cpm-logo
SHARE

തിരുവനന്തപുരം∙ ‘ഇന്ത്യ’ എന്ന ദേശീയ പ്രതിപക്ഷ സഖ്യത്തെ ദേശീയ മുന്നണിയായി കാണുന്നതിൽ സിപിഎമ്മിനു വിസമ്മതം. ഇന്ത്യ മുന്നണിയല്ല, പ്രത്യേക ‘ബ്ലോക്ക്’ ആണെന്ന നയം സ്വീകരിക്കാനാണു ഡൽഹിയിൽ ചേർന്ന പൊളിറ്റ്ബ്യൂറോ തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു നേർക്കുനേർ പോരാടുന്ന സിപിഎം കേരളഘടകത്തിന്റെ ശക്തമായ സമ്മർദം ഈ തീരുമാനത്തിനു പിന്നിലുണ്ട്. പാർട്ടിക്കു വോട്ടും സീറ്റും കിട്ടാൻ സാധ്യതയുള്ള കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വിസ്മരിച്ചുകൊണ്ടുള്ള മുന്നണിനീക്കത്തിലേക്കു പോകുന്നതു പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന അഭിപ്രായമാണു പിബി യോഗത്തിൽ കേരള നേതൃത്വം പ്രകടിപ്പിച്ചത്.

ഇതുകൂടി കണക്കിലെടുത്താണ് ‘ഇന്ത്യ’ ഏകോപന സമിതിയിൽ ചേരേണ്ടെന്നും പിബി തീരുമാനിച്ചത്. ഇന്ത്യ മുന്നണിക്കു തന്നെ അത്തരം സംഘടനാ സ്വഭാവം ആവശ്യമില്ലെന്ന അഭിപ്രായമാണ് പാർട്ടിക്ക്.

ഇന്ത്യയുടെ പൂർണരൂപമായ ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ആൻഡ് ഇൻക്ലൂസീവ് അലയൻസി’ലെ ‘അലയൻസ്’ (സഖ്യം) എന്ന വാക്കിനോടു സിപിഎമ്മിനു യോജിപ്പില്ല. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ ഭാഗമാകാൻ പാർട്ടി കോൺഗ്രസിന്റെ അനുമതിയില്ല. അതുകൊണ്ടാണ് ഇത് ‘സഖ്യം’ അല്ലെന്നും ‘ബ്ലോക്ക് ’ആണെന്നുമുള്ള നിലപാടെടുക്കാൻ പാർട്ടി തീരുമാനിച്ചത്.

ബിജെപിയെ താഴെയിറക്കാനായി യോജിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ മാത്രമാണ് ‘ഇന്ത്യ’ എന്നതാണ് സിപിഎം നയം. അതു സഖ്യമല്ല, ബിജെപി വിരുദ്ധ സഖ്യങ്ങൾ സംസ്ഥാനങ്ങളിൽ രൂപീകരിക്കേണ്ടതാണ്. അതിനു ദേശീയ സ്വഭാവം ആവശ്യമില്ലെന്നു പിബി വിലയിരുത്തി.

കോൺഗ്രസാണ് ‘ഇന്ത്യ’ മുന്നണിക്കു നേതൃത്വം കൊടുക്കുന്നത് എന്നിരിക്കെ, ആ സഖ്യത്തിന്റെ സംഘടനാ രൂപത്തിന്റെ കൂടി ഭാഗമായി താദാത്മ്യം പ്രാപിച്ചാൽ അതു കേരളത്തിൽ വലിയ ദോഷം ചെയ്യുമെന്ന വാദത്തിന് പിബിയിൽ മേൽക്കൈ കിട്ടി.

English Summary : Decision of the Politburo meeting in Delhi is to adopt the policy that India is not a party but a separate 'block'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS