കേരളീയവും മന്ത്രിപര്യടനവും യുഡിഎഫ് ബഹിഷ്കരിക്കും
Mail This Article
തിരുവനന്തപുരം∙ കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയും സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ മന്ത്രിമാർ നടത്തുന്ന മണ്ഡലംതല പര്യടനവും ബഹിഷ്കരിക്കാൻ യുഡിഎഫ് തീരുമാനിച്ചു. സർക്കാർ ചെലവിൽ ഇടതുമുന്നണി നടത്തുന്ന തിരഞ്ഞെടുപ്പു പ്രചാരണപരിപാടികളാണെന്നു ബോധ്യപ്പെട്ടതിനാലാണു ബഹിഷ്കരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു.
ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ പ്രചാരണ പരിപാടികൾ ഇടതുമുന്നണി സ്വന്തം നിലയ്ക്കു സംഘടിപ്പിക്കണം. സർക്കാർ ഖജനാവിലെ പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യരുത്. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് അടുത്ത ധൂർത്തിനു കളമൊരുക്കുന്നത്.
സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാൽ കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തതു കഴിഞ്ഞ ദിവസമാണ്. സാധാരണക്കാരന്റെ കഴുത്തറുക്കുന്ന നികുതിക്കൊള്ള ഒരു ഭാഗത്തു നടക്കുമ്പോൾ, വൻകിടക്കാർക്കു നികുതി വെട്ടിപ്പിനുള്ള പറുദീസയായി കേരളം മാറി. ക്ഷേമ പദ്ധതികൾക്കു പോലും പണമില്ല. സർക്കാരിന്റെ ഈ വികൃതമുഖം മിനുക്കാനാണു ഖജനാവിൽനിന്നു കോടികൾ ചെലവഴിക്കുന്നത്. രണ്ടു പരിപാടികളിലും പ്രതിപക്ഷവുമായി ഒരാലോചനയും സർക്കാർ നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണു ബഹിഷ്കരണമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളീയം പരിപാടി നവംബർ ഒന്നു മുതൽ ഒരാഴ്ച തലസ്ഥാനത്താണു നടക്കുന്നത്. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെക്കൂടി ഉൾപ്പെടുത്തി സർക്കാർ സംഘാടക സമിതി രൂപീകരിച്ചിരുന്നു. നവംബർ 18നു മഞ്ചേശ്വരത്താണു മന്ത്രിമാരുടെ ആദ്യ മണ്ഡലംതല പര്യടനം നിശ്ചയിച്ചിട്ടുള്ളത്. എംഎൽഎമാരുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കണമെന്നാണു നിർദേശം. യുഡിഎഫ് എംഎൽഎമാർ വിട്ടുനിൽക്കും. യുഡിഎഫിന്റെ എ.കെ.എം. അഷ്റഫ് (മുസ്‌ലിംലീഗ്) ആണ് മഞ്ചേശ്വരം എംഎൽഎ.
പ്രതിപക്ഷ ലക്ഷ്യം വികസനം തകർക്കൽ: ഇ.പി.ജയരാജൻ
സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന കേരളീയം, ജനസദസ്സ് പരിപാടികളിൽ പ്രതിപക്ഷം സഹകരിക്കാത്തതിന്റെ ലക്ഷ്യം നാടിന്റെ വികസനം തകർക്കലാണ്. ഈ സർക്കാർ നടപ്പാക്കുന്ന വികസന–ക്ഷേമ പദ്ധതികൾ യുഡിഎഫിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് സർക്കാരിന്റെ പ്രചാരണ പരിപാടികളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. – എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.
English Summary: UDF decides to boycott Keraleeyam program and ministers mass contact program