മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിച്ചു; ചികിത്സ വൈകിയെന്നു പരാതി
Mail This Article
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി മതിയായ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. മാവേലിക്കര കണ്ണാട്ടുമുടി കാഞ്ഞൂർപീടികയിൽ അനന്തകൃഷ്ണനാണ് (രാജൻ–54) ഇന്നലെ ഉച്ചയ്ക്കു ശേഷം മരിച്ചത്. പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് അനന്തകൃഷ്ണനെ മാവേലിക്കര ഗവ. ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം രോഗിയെ നാലാം വാർഡിലേക്ക് മാറ്റി. ഉച്ചയോടെ അനന്തകൃഷ്ണന് ശ്വാസംമുട്ടൽ കൂടുതലായി. ഭാര്യ സുധയും ബന്ധുക്കളും ചേർന്ന് ഡോക്ടർമാരെ അന്വേഷിച്ചെങ്കിലും ആരും തന്നെ അനന്തകൃഷ്ണനെ പരിശോധിക്കാനെത്തിയില്ലെന്ന് പരാതിയുണ്ട്. ഇതിനിടെ ജൂനിയർ ഡോക്ടർമാരെത്തിയപ്പോഴേക്കും വൈകിട്ട് 3ന് അനന്തകൃഷ്ണൻ മരിച്ചു. ബന്ധുക്കളും ആശുപത്രി ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ചികിത്സപ്പിഴവും ഡോക്ടർമാരുടെ അനാസ്ഥയുമാണു മരണകാരണമെന്ന് ആരോപിച്ച് മകൻ അതുൽ ആനന്ദ് സൂപ്രണ്ടിനു പരാതി നൽകി. സംസ്കാരം ഇന്ന് 3ന്. മകൾ: അതുല്യ ആനന്ദ്.
∙ ‘അനന്തകൃഷ്ണന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് ബന്ധുക്കൾ എഴുതിത്തന്നു. ചികിത്സയിൽ ശ്വാസകോശത്തിൽ ജലാംശം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മരണത്തിനിടയാക്കിയത്.’ – ഡോ. എ. അബ്ദുൽ സലാം (സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി)
English Summary: Patient died at Medical College Hospital; complaint that treatment was delayed