ADVERTISEMENT

തിരുവനന്തപുരം ∙ വയോജനങ്ങൾക്കു വിവരങ്ങൾ, മാർഗനിർദേശം, വൈകാരിക പിന്തുണ, ഫീൽഡ്തല ഇടപെടൽ എന്നിവ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ച ‘എൽഡർ ലൈൻ’ പദ്ധതി പ്രതിസന്ധിയിൽ. ‘14567’ എന്ന നമ്പറിലേക്കു വിളിച്ചാൽ വയോജനങ്ങൾക്കു സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിക്കു കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സഹായം മുടങ്ങി.

2021 നവംബർ ഒന്നിന് ആരംഭിച്ച എൽഡർ ലൈനിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ജീവനക്കാർക്കു ശമ്പളം നൽകിയിട്ടില്ല. 24 ജീവനക്കാരിൽ 6 പേർക്കു മാത്രമേ വേതനം നൽകാനാകൂവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെത്തുടർന്ന് 18 പേരെ ജോലിയിൽനിന്നു മാറ്റി. ഫീൽഡ്തല ഇടപെടലിന് നിലവിൽ ജീവനക്കാരില്ല. കോൾ സെന്ററിന്റെ വൈദ്യുതി – ഇന്റർനെറ്റ് കുടിശിക അടയ്ക്കാൻ ഇന്നലെ വരെയാണു സമയം നൽകിയിരുന്നത്. ഔട്ഗോയിങ് സൗകര്യം മുടങ്ങിയതോടെ, മിസ്ഡ് കോൾ ലഭിച്ചാൽ തിരികെ വിളിക്കുന്ന സൗകര്യം അവസാനിച്ചു.

മറ്റു സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണെങ്കിലും അവിടെ എൻജിഒകളുടെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെയാണ് എൽഡർ ലൈൻ തുടരുന്നത്. 

ഇതുവരെ ലഭിച്ച 78,000 കോളുകളിൽ 3000 പേർക്ക് ഫീൽഡ് തലത്തിൽ സഹായം നൽകിയിരുന്നു. നിലവിൽ നവംബർ 30 വരെ എൽഡർ ലൈൻ തുടരാനാണ് കേന്ദ്ര സർക്കാർ ഉത്തരവ്. എന്നാൽ‌, സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ മുതിർന്ന പൗരന്മാർക്കുള്ള ഏക ഹെൽപ്‌ലൈൻ നമ്പർ ഇല്ലാതാകും.

∙ വാർധക്യ പെൻഷൻ 3 മാസം കുടിശിക

സംസ്ഥാനത്തെ വയോജനങ്ങൾക്കുള്ള സാമൂഹിക സുരക്ഷാ പെൻഷൻ 3 മാസമായി കുടിശികയാണ്. ജൂൺ വരെയുള്ള കുടിശിക ഓണത്തിനു മുൻപ് നൽകി. തുടർന്നുള്ള മാസങ്ങളിലെ പെൻഷനാണു കുടിശികയായത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ.

സാമൂഹിക സുരക്ഷാ മിഷന്റെ വയോജനക്ഷേമ പദ്ധതികൾ

വയോരക്ഷ: ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്ന പദ്ധതി. സഹായിക്കാൻ ആരുമില്ലാത്ത വയോജനങ്ങൾക്ക് അടിയന്തര വൈദ്യസേവനം ലഭ്യമാക്കുക, കിടപ്പുരോഗികൾക്ക് സഹായികളുടെ സേവനം ഉറപ്പാക്കുക, നിയമസഹായം ലഭ്യമാക്കുക, സ്വസ്ഥമായ സാഹചര്യം സൃഷ്ടിക്കുക എന്നിവ ലക്ഷ്യം.

സെക്കൻഡ് ഇന്നിങ്സ് ഹോം: വയോജനകേന്ദ്രങ്ങളെ നവീകരിച്ച് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി. ആദ്യഘട്ടത്തിൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ തുടക്കമിട്ടു. കണ്ണൂരിൽ മൂന്നാംഘട്ടം പൂർത്തിയായി.

വയോമധുരം: ബിപിഎലിൽ 60 വയസ്സിനുമേൽ പ്രായമുള്ളവർക്ക് പ്രമേഹ ചികിത്സയുടെ ഭാഗമായി ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന പദ്ധതി. 

വയോമിത്രം: 65 വയസ്സിനുമേൽ പ്രായമുള്ളവർക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി.

വയോ അമൃതം: സർക്കാരിനു കീഴിലുള്ള വയോജനകേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി.

മന്ദഹാസം: ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് ദന്തചികിത്സയ്ക്ക് 5000 രൂപ വരെ ലഭ്യമാക്കുന്ന പദ്ധതി.

സായംപ്രഭ ഹോം: തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡേ കെയർ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതി.

English Summary : Project to provide calling services for older persons may end 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com