ഓൺലൈൻ ഒളിപ്പോര് നേരിടാൻ രാജ്യത്തിന് ‘സൈബർ കമാൻഡോകൾ’
Mail This Article
തിരുവനന്തപുരം∙ രാജ്യം നേരിടുന്ന ‘ഒളിപ്പോര്’ നേരിടാൻ ‘സൈബർ കമാൻഡോകളെ’ വിന്യസിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഓൺലൈൻ തട്ടിപ്പുകളിലൂടെ കോടികൾ കടത്തുന്ന സംഘങ്ങൾ ചൈനയിലും പാക്കിസ്ഥാനിലുമിരുന്നാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയതിനാലാണ് സുരക്ഷ ശക്തമാക്കുന്നത്. ഇതിനായി ഓരോ സംസ്ഥാന പൊലീസിൽനിന്നും തിരഞ്ഞെടുത്ത ബിടെക്, എംഎസ്‌സി ബിരുദധാരികളായ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും. കേരളത്തിൽനിന്ന് 10 പേരെ തിരഞ്ഞെടുത്തു. ആദ്യഘട്ടത്തിൽ 300 പേർക്കാണു പരിശീലനം. ഒരു വർഷത്തിനകം പരിശീലനം നേടിയ 50 പേർ ഓരോ സംസ്ഥാനത്തുമുണ്ടാകും.
മഹാരാഷ്ട്രയിൽ പ്രതിദിനം 500 സൈബർ കേസ് റജിസ്റ്റർ ചെയ്യുന്നുണ്ട്. രാജ്യത്തെ ഉയർന്ന കണക്കാണിത്. കേരളത്തിൽ ദിവസം 50 കേസുകളുണ്ടാകുന്നു. രാജ്യത്തെ സൈബർ തട്ടിപ്പു സംഘങ്ങൾ സജീവമല്ലെന്നും ഇവരെ മറ്റു രാജ്യങ്ങളിലുള്ളവർ റിക്രൂട്ട് ചെയ്തെന്നുമാണു കണ്ടെത്തൽ. പണം തട്ടുന്നതിനു പുറമേ, തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സെർവറുകളിൽ കടന്നുകയറാനുള്ള ശ്രമവും നടക്കുന്നുണ്ട്. മണിക്കൂറിൽ 10,000 സൈബർ ആക്രമണ ശ്രമങ്ങൾ ഇന്ത്യ നേരിടുന്നുവെന്നാണു കണക്ക്.
സൈബർ കേസുകളിൽ കാര്യക്ഷമമായ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിമാരോടു നിർദേശിച്ചിട്ടുണ്ട്. ജില്ലകളിൽ 5 പ്രധാന സൈബർ കേസുകൾ വീതം ജില്ലാ പൊലീസ് മേധാവി നേരിട്ടും 2 കേസുകൾ റേഞ്ച് ഡിഐജിയും അന്വേഷിക്കണമെന്ന് ഡിജിപി എസ്.ദർവേഷ് സാഹിബ് നിർദേശം നൽകി.
സുരക്ഷ ശക്തമാക്കാനും അന്വേഷണത്തിനുമായി കേരള പൊലീസിൽ സൈബർ ഡിവിഷൻ ഉടൻ രൂപീകരിക്കും. സെർവറുകൾ സംരക്ഷിക്കാൻ കൂടുതൽ ഉപകരണങ്ങളും വാങ്ങും. സാമ്പത്തികപ്രതിസന്ധി കാരണം രൂപീകരണം നേരത്തേ മാറ്റിവച്ചിരുന്നു.