ഓൺലൈൻ പണം തട്ടിപ്പ് തടയാൻ 2000 ബാങ്ക് അക്കൗണ്ട് റദ്ദാക്കുന്നു
Mail This Article
തിരുവനന്തപുരം ∙ ലോൺ ആപ്, ഓൺലൈൻ, ഒടിപി തട്ടിപ്പുകളിലൂടെ മലയാളികളിൽനിന്നു കോടികൾ തട്ടിയെടുത്ത 2000 ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കേരള പൊലീസ് രാജ്യത്തെ പ്രധാന ബാങ്കുകൾക്കു റിപ്പോർട്ട് കൈമാറി. ആർബിഐക്കും ഇൗ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറും. 2021 മുതൽ സംസ്ഥാനത്തുനിന്ന് തട്ടിയെടുത്ത പണം എത്തിയ അക്കൗണ്ടുകളാണിത്. പൊലീസ് തെളിവുകൾ സഹിതം ആവശ്യപ്പെടുമ്പോൾ ഇത്തരം അക്കൗണ്ടുകൾ മരവിപ്പിക്കുകയും റദ്ദാക്കുകയും ചെയ്യുന്നതാണ് ബാങ്കുകളുടെ രീതി. കത്തു ലഭിച്ച് 7 ദിവസത്തിനകം അക്കൗണ്ടുകൾ റദ്ദാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.
തട്ടിപ്പിനു സഹായിച്ചവയിൽ 70 അക്കൗണ്ടുകൾ കേരളത്തിലേതു തന്നെയാണ്. ഈ അക്കൗണ്ടുകൾ നിശ്ചിത തുക പ്രതിമാസം ഈടാക്കി മറ്റു ചിലർക്കു കൈമാറുകയായിരുന്നുവെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചില സൈബർ തട്ടിപ്പു സംഘങ്ങളുടെ ഇടനിലക്കാരായി ഇൗ അക്കൗണ്ട് ഉടമകൾ പ്രവർത്തിച്ചു.
ബാക്കിയുള്ളതിൽ, ഛത്തീസ്ഗഡിലെയും ഡൽഹിയിലെയും അക്കൗണ്ടുകളാണു കൂടുതൽ. രാജസ്ഥാനിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും അക്കൗണ്ടുകളുമുണ്ട്. ഗ്രാമവാസികളെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ച ശേഷം ഇത് ഒരു സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നുവെന്നാണു നിഗമനം.
പതിവായി കേരളത്തിൽനിന്നു പണം തട്ടിയ ഇൗ അക്കൗണ്ടുകൾ കൂട്ടത്തോടെ നിരോധിക്കുന്നതോടെ സൈബർ തട്ടിപ്പു സംഘങ്ങളുടെ കേരളത്തിലെ ശ്രമങ്ങൾ കുറയുമെന്ന് പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം കരുതുന്നു.
നഷ്ടപ്പെടുന്ന പണം കുറഞ്ഞു
സംസ്ഥാനത്തുനിന്ന് ഓൺലൈൻ തട്ടിപ്പു വഴി ദിനംപ്രതി ശരാശരി 50 ലക്ഷം രൂപയാണ് മുൻപു നഷ്ടമായിക്കൊണ്ടിരുന്നത്. പൊലീസിന്റെയും മാധ്യമങ്ങളുടെയും ബോധവൽക്കരണത്തിന്റെ ഫലമായും തട്ടിപ്പുകളുടെ രീതികൾ ജനങ്ങൾക്കു മനസ്സിലായതോടെയും നഷ്ടപ്പെടുന്ന പണം പ്രതിദിനം ശരാശരി 15 ലക്ഷമായി കുറഞ്ഞുവെന്നു പൊലീസ് പറയുന്നു.
ലോൺ ആപ്പുകൾ നിരോധിക്കാനും നീക്കം
കേരളത്തിൽ വൻതോതിൽ അനധികൃത പണത്തട്ടിപ്പ് നടത്തുകയും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത 177 ലോൺ ആപ്പുകളിൽ പ്ലേ/ആപ് സ്റ്റോറുകളിലുള്ള 117 എണ്ണം നിരോധിച്ചു. വിദേശത്തുനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന 60 ആപ്പുകളുടെ ഉടമകൾ പൊലീസ് നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ല. ഇവരെ തടയാൻ കേന്ദ്ര ഐടി ആക്ട് 69(എ) പ്രകാരം നടപടികൾ തുടങ്ങി.